ശബരിമല: സ്ത്രീകൾക്ക് പ്രവേശം അനുവദിക്കണമെന്ന് -എം.ജി.എസ്; വേണ്ടെന്ന് സുഗതകുമാരി

കോഴിക്കോട്: ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കെല്ലാം ശബരിമല ക്ഷേത്ര ദർശനത്തിന് അവസരം ഒരുക്കണമെന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍. ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ നിഷേധിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ലെന്നും എം.ജി.എസ് പറഞ്ഞു.

സ്ത്രീകള്‍ക്ക് ക്ഷേത്രദര്‍ശനം വിലക്കുന്ന വാദങ്ങള്‍ക്ക് മതപരമായ യാതൊരു അടിത്തറയുമില്ല. ഭക്തിയെ യുക്തിയുമായി കലര്‍ത്തുന്നതില്‍ അര്‍ഥമില്ല. വിശ്വസിക്കാന്‍ പുരുഷനെന്ന പോലെ സ്ത്രീക്കും അവകാശമുണ്ട്. ബ്രഹ്മചാരിയായതിനാല്‍ അയ്യപ്പന് സ്ത്രീകളെ ഇഷ്ടമില്ലെന്ന വാദം ബാലിശമാണ്. തമിഴ്‌നാട്ടിലെ ഗ്രാമരക്ഷകനായ അയ്യനാരുടെ മലയാളി രൂപമാണ് അയ്യപ്പൻ. സ്ത്രീകളെ വിലക്കണമെന്ന് ഒരു മതഗ്രന്ഥവും പറയുന്നില്ലെന്നും എം.ജി.എസ് നാരായണന്‍ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നത് ശക്തമായി എതിര്‍ക്കുന്നതായി എഴുത്തുകാരി സുഗതകുമാരി പറഞ്ഞു. എത്രവലിയ നീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റു തന്നെയാണ്. ശബരിമലക്ക് താങ്ങാവുന്നതിലധികം ജനം ഇപ്പോള്‍ത്തന്നെ അവിടെ പോകുന്നുണ്ട്. സ്ത്രീ പുരുഷന്മാര്‍ കൂട്ടായി പിക്‌നിക്ക് പോകേണ്ട സ്ഥലമല്ലിത്. അവിടം മലിനമായി. കാട് നശിക്കുന്നു. ലക്ഷക്കണക്കിന് പെണ്ണുങ്ങള്‍ കൂടി പോയാലുള്ള അവസ്ഥ എന്തായിരിക്കും? ഇത് സ്ത്രീകളുടെ മനുഷ്യാവകാശ ലംഘനമായി താൻ കാണുന്നില്ലെന്നും സുഗതകുമാരി വ്യക്തമാക്കി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.