കോഴിക്കോട് ആന ഇടഞ്ഞു

കോഴിക്കോട്: എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ ആന പുതിയപാലത്ത് നടുറോഡില്‍ മണിക്കൂറുകളോളം ഭീതിവിതച്ചു. രണ്ടാം പാപ്പാനെ ആക്രമിച്ചശേഷം ടൗണില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തകര്‍ത്തു. പുതിയപാലം ജുമാമസ്ജിദിന്‍െറ ഗേറ്റ് പൊളിച്ചു. രണ്ട് ഗുഡ്സ് ഓട്ടോറിക്ഷകളും നാല് ബൈക്കുകളും തകര്‍ത്തു. കല്ലുത്താന്‍കടവ് റോഡിലെ മതിലുകളും നിരവധി ടെലിഫോണ്‍പോസ്റ്റുകളും കേബ്ളുകളും തകര്‍ത്തെറിഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് തിരക്കേറിയ പുതിയപാലം ടൗണില്‍ കൊമ്പന്‍ ഇടഞ്ഞത്. തളിയില്‍നിന്ന് വളയനാട് ക്ഷേത്രത്തിലേക്ക്  എഴുന്നള്ളിപ്പിന് കൊണ്ടുപോവുകയായിരുന്നു അമ്പാടിക്കണ്ണന്‍ എന്ന ആനയെ.

ജുമാമസ്ജിദിന് മുന്നില്‍നിന്ന് കല്ലുത്താന്‍കടവ് ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് പൊടുന്നനെ ആന രണ്ടാം പാപ്പാനെ തട്ടിവീഴ്ത്തിയത്. വീണ പാപ്പാനെ എടുത്തെറിഞ്ഞ് വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ അതുവഴി വന്ന കാര്‍ തടസ്സമായി. ഇതിനിടെ പാപ്പാന്‍ ഓടിരക്ഷപ്പെട്ടു. അപ്പോഴേക്കും ആളുകള്‍ ചിതറിയോടി. ജങ്ഷനടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷകളും വാഹനങ്ങളും തകര്‍ത്തശേഷം ജുമാമസ്ജിദിന്‍െറ ഗേറ്റ് പൊളിച്ചിട്ടു. കല്ലുത്താന്‍കടവ് റോഡിലേക്ക് നീങ്ങിയ ആന അങ്കണവാടിക്കുസമീപം ചുറ്റിപ്പറ്റി നിന്നു. പിന്‍കാലുകളില്‍ ഇടച്ചങ്ങലയുണ്ടായിട്ടും പലതവണ പ്രകോപിതനായി ഓടാന്‍ ശ്രമിച്ചു.

കൂടുതല്‍ മുന്നോട്ടുപോകാതിരിക്കാന്‍ റോഡില്‍ പൊലീസും നാട്ടുകാരും ടയറിന് തീയിട്ട് തടസ്സം സൃഷ്ടിച്ചു. ഇതിനിടെ  പാപ്പാന്മാര്‍ കാലുകളില്‍ കമ്പക്കയറിട്ട് കുരുക്കാന്‍ നടത്തിയ ശ്രമം  പലതവണ വിഫലമായി. ഒടുവില്‍ 9.45ഓടെയാണ് ആനയുടെ മൂന്ന് കാലുകളിലും കയര്‍ കുരുക്കാനായത്. ആനയെ  മയക്കുവെടി വെക്കാന്‍ തൃശൂരില്‍നിന്ന് വെറ്ററിനറി ഡോക്ടര്‍ എത്തി. അപ്പോഴേക്കും കൊമ്പനെ തളച്ചിരുന്നു. വിവരമറിഞ്ഞ് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ജനം പുതിയപാലത്തേക്ക് ഒഴുകി. ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു. നിരവധി തവണ വിരട്ടിയോടിച്ചു. വേങ്ങേരി സ്വദേശി ജിതിന്‍ജിത്താണ് ആനയുടെ ഉടമ. രണ്ടു ദിവസം മുമ്പ് ആനക്ക് മദപ്പാട് ഉണ്ടായതായി വിവരമുണ്ട്. സാധാരണ മദപ്പാട് കഴിഞ്ഞ് 10 ദിവസത്തിനുശേഷമേ ആനയെ എഴുന്നള്ളിപ്പിനും മറ്റും കൊണ്ടുപോകാന്‍ പാടുള്ളൂ എന്ന് വിദഗ്ധര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.