‘ഞാന്‍ കിണറ്റില്‍ വീണേ... ഏടേന്നറീലാ...’

കാഞ്ഞങ്ങാട്: ബുധനാഴ്ച രാത്രി ഒമ്പത് മണി. കാസര്‍കോട് അമ്പലത്തറ പൊലീസ് സ്റ്റേഷനിലെ ടെലിഫോണ്‍ നിര്‍ത്താതെ മണിയടിക്കുന്നു. ‘ഞാന്‍ കിണറ്റില്‍ വീണേ... എത്രയും വേഗം രക്ഷിക്കണേ...’ എസ്.ഐ ഫോണെടുത്തപ്പോള്‍ മറുതലക്കല്‍ നിലവിളി പോലെയുള്ള ശബ്ദം. സ്ഥലം എവിടെയെന്ന്  അന്വേഷിച്ചപ്പോള്‍ ‘അറിയീല സാറേ... ഞാന്‍ കിണറ്റിന്‍െറ ഉള്ളിലാ... ഈടെ പറ്റെ ഇരുട്ടാ..’ എന്ന് മറുപടി. ഇതോടെ ഫോണെടുത്ത എസ്.ഐയും വിവരം കേട്ടറിഞ്ഞ പൊലീസുകാരും അമ്പരപ്പിലായി.  മൊബൈല്‍ ഫോണില്‍ നിന്നാണ് വിളിക്കുന്നത്.  സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ ഫോണിന്‍െറ ടവര്‍ ലൊക്കേഷന്‍ പുല്ലൂര്‍ ആണെന്ന് കണ്ടത്തൊനായി. ഇതോടെ പൊലീസ് സംഘം ജീപ്പില്‍ പുല്ലൂരിലത്തെി നാടാകെ തിരച്ചിലാരംഭിച്ചു. ഉറങ്ങിക്കിടന്ന വീട്ടുകാരെ പലരെയും വിളിച്ചെഴുന്നേല്‍പ്പിച്ചു. നേരം വെളുക്കുന്നതുവരെ തിരഞ്ഞിട്ടും അപകടമുണ്ടായ കിണറോ കിണറ്റില്‍ വീണയാളെയോ കണ്ടത്തൊനായില്ല. വീണയാള്‍ ഫോണില്‍ ലൈവായി ഉണ്ടായിരുന്നത് മാത്രം ആശ്വാസം. ഇതിനിടെ കാഞ്ഞങ്ങാട്ടെ ഫയര്‍ സ്റ്റേഷനിലേക്കും സഹായമഭ്യര്‍ഥിച്ച് ഇയാളുടെ വിളിയത്തെി. അവരും പലയിടത്തും തിരഞ്ഞ് പുല്ലൂരിലത്തെി. വീണുകിടക്കുന്ന സ്ഥലം ആദ്യം കൊടവലം എന്നു പറഞ്ഞയാള്‍ പിന്നീട് പള്ളിക്കരയെന്ന് മാറ്റിപ്പറഞ്ഞു. 
ഇതോടെ സംശയം തോന്നിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വിവരം പൊലീസിനെ അറിയിച്ച് പിന്‍മാറി. ഒടുവില്‍ എസ്.ഐക്കൊരു ബുദ്ധി തോന്നി. കിണറ്റില്‍ വീണയാളെ ഫോണില്‍ വിളിച്ച് ഉച്ചത്തില്‍ നിലവിളിക്കാനും ബഹളമുണ്ടാക്കാനും പറഞ്ഞു. ഇത് ഫലിച്ചു.
വ്യാഴാഴ്ച രാവിലെ പുല്ലൂര്‍ ഉദയനഗര്‍ കൂളിമാവുങ്കാലിലെ സുരേഷിന്‍െറ പറമ്പിലെ പൊട്ടക്കിണറ്റില്‍ നിന്ന് നിലവിളികേട്ട്  വീട്ടുകാര്‍ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി കിണര്‍ പരിശോധിച്ച് ഫയര്‍ഫോഴ്സിനെ അറിയിച്ചു. 
ചായ്യോത്ത് താമസിക്കുന്ന കമ്പല്ലൂര്‍ സ്വദേശി ഷാജി (48)യാണ് പൊട്ടക്കിണറ്റില്‍ അകപ്പെട്ടത്. രാവിലെ 10 മണിയോടെ ഫയര്‍ ഫോഴ്സ് എത്തി ഇയാളെ കരകയറ്റി. ചപ്പുചവറുകളും മാലിന്യവും നിറഞ്ഞ കിണറ്റില്‍ വെള്ളമുണ്ടായിരുന്നില്ല. 
അതുകൊണ്ട് കാര്യമായ പരിക്കൊന്നും ഉണ്ടായില്ളെങ്കിലും 12 മണിക്കൂര്‍ കിണറ്റില്‍ കിടന്നതിന്‍െറ അവശത കാണാനുണ്ടായിരുന്നു. 
തനിക്ക് പുല്ലൂരിനടുത്ത് ഭൂമിയുണ്ടെന്നും അവിടേക്ക് പോയി മടങ്ങുമ്പോള്‍ വഴിതെറ്റി കിണറ്റില്‍ വീണതാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. എങ്കിലും നാട്ടുകാരുടെ സംശയം അകന്നിട്ടില്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.