വിദ്യാഭ്യാസരംഗത്തെ ഇന്ത്യനൈസേഷനെതിരെ പ്രതിരോധമുയര്‍ത്തുക –എസ്.ഐ.ഒ

കോഴിക്കോട്: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യനൈസേഷന്‍ എന്നുപേരിട്ട് സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കുന്നതിനെതിരെ വിശാലമായ ജനാധിപത്യ പ്രതിരോധങ്ങളുയരണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മിത്തുകളെ ചരിത്രവത്കരിച്ച് വാജ്പേയി സര്‍ക്കാറിന്‍െറ കാലത്ത് ശക്തിപ്രാപിച്ച കാവിവത്കരണം ഇന്ന് ന്യൂനപക്ഷ-ദലിത്-മുസ്ലിം വിരുദ്ധ അജണ്ടകളോടെ കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കുകയാണ്. വിദ്യാഭ്യാസത്തിന്‍െറ ഭാരതീയവത്കരണം എന്നപേരില്‍ മിത്തുകളെ ചരിത്രസത്യങ്ങളാക്കി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ശാസ്ത്ര കോണ്‍ഗ്രസില്‍ നടന്നത്. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി ഐ.ഐ.ടിയില്‍നിന്ന് ദേശവിരുദ്ധ ആരോപണമുന്നയിച്ച് സന്ദീപ് പാണ്ഡെയെപ്പോലുള്ള പ്രഗല്ഭ വിദ്യാഭ്യാസ വിചിക്ഷണരെ പുറത്താക്കിയത് രാജ്യത്ത് വേണ്ടരീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. 
മദ്രാസ് ഐ.ഐ.ടിയില്‍ അംബേദ്കര്‍ പെരിയാര്‍ സര്‍ക്കിളിനെ ഉന്നംവെച്ച അതേ സവര്‍ണ അധീശശക്തികള്‍ തന്നെയാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥികള്‍ക്കെതിരെ മുന്‍പന്തിയിലുള്ളത്. ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാല, എഫ്.ടി.ഐ.ഐ പുണെ തുടങ്ങി ശ്രദ്ധേയമായ ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ ആസൂത്രിതനീക്കങ്ങളാണ് സംഘ്പരിവാര്‍ നടത്തുന്നത്. വിദ്യാഭ്യാസത്തിന്‍െറ ഉള്ളടക്കത്തോടൊപ്പം വിദ്യാഭ്യാസ അനുബന്ധ സംവിധാനങ്ങളെയും വര്‍ഗീയവത്കരിക്കാന്‍ പ്രത്യക്ഷമായി രംഗത്തുവന്ന സംഘ്പരിവാറിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധ-പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
 ‘ശബ്ദമുയര്‍ത്തുക; അക്കാദമിക ഹിന്ദുത്വത്തിനെതിരില്‍’ എന്ന തലക്കെട്ടില്‍ സംസ്ഥാനത്തെ കാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് എസ്.ഐ.ഒ തുടക്കംകുറിക്കും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്രാഹീം, സെക്രട്ടറിമാരായ പി.പി. ജുമൈല്‍, കെ.പി. തൗഫീഖ്, എ. ആദില്‍, ഇ.എം. അംജദ് അലി, ശബീര്‍ കൊടുവള്ളി, ലിംസീര്‍  അലി, ടി.സി. മുഹമ്മദ് സജീര്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.