ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ട് അട്ടിമറിച്ചെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന ഇപ്പോഴത്തെ വിജിലന്‍സ് റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടതാണെന്ന് ബിജു രമേശ്. തുടരന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി സുകേശനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുകേശന്‍േറതാണെന്ന് വിശ്വസിക്കുന്നില്ല.  മന്ത്രി ബാബുവിന്‍െറ ഓഫിസില്‍നിന്ന് നല്‍കിയ തിരക്കഥ അനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് സംശയിക്കുന്നതായും ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി അഞ്ചിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയെന്നാണ് രേഖകളില്‍നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, ഏഴിന് സുകേശന്‍ കിഴക്കേകോട്ടയിലെ തന്‍െറ ഹോട്ടലില്‍ അന്വേഷണത്തിന്‍െറ ഭാഗമായി എത്തിരുന്നു.  ഹോട്ടല്‍ ജീവനക്കാരെയും തന്നെയും ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. അന്ന് അദ്ദേഹം ഏറെ പരിഭ്രാന്തനായി കാണപ്പെട്ടിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ ഡിപ്പാര്‍ട്മെന്‍റില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും താന്‍ ഏറെ ഒറ്റപ്പെട്ടതായും ഡി.ജി.പി റാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ ഐ.പി.എസ് വേണ്ടേയെന്ന് ചോദിച്ചെന്നും സുകേശന്‍ പറഞ്ഞതായി ബിജു രമേശ് പറഞ്ഞു.
അഞ്ചിന് കേസ് അന്വേഷണം അവസാനിപ്പിച്ച സുകേശന്‍ എന്തിന് ഏഴിന് അന്വേഷണത്തിന് വീണ്ടുമത്തെിയെന്ന് ബിജു രമേശ് ചോദിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് ഉച്ചവരെ സുകേശന്‍ ഹോട്ടലില്‍ ഉണ്ടായിരുന്നതും തന്നോട് ഇക്കാര്യങ്ങള്‍ സംസാരിച്ചതും ഹോട്ടലിലെ സി.സി.ടി.വി കാമറകളിലുണ്ടെന്നും ഇതു കോടതിയില്‍ ഹാജരാക്കുമെന്നും ബിജു രമേശ് പറഞ്ഞു. സുകേശന്‍ തയാറാക്കിയ യഥാര്‍ഥ റിപ്പോര്‍ട്ടല്ല കോടതിയില്‍ എത്തിയതെന്ന് സംശയിക്കുന്നതിന് പലകാരണങ്ങള്‍ ഉണ്ട്. സീഡിയില്‍ മാറ്റം വരുത്തിയത് ശബ്ദം കൂട്ടാനാണ്. ചിലര്‍ക്കെതിരെ ബാറുടകള്‍ നടത്തിയ സഭ്യമല്ലാത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച സീഡിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം മൊഴിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇവയൊന്നും പരിഗണിച്ചിട്ടില്ല. ബാറുടമകള്‍ മൊത്തം 25 കോടി പിരിച്ചുനല്‍കിയിരുന്നു. ഇതില്‍ ഒരു കോടി മാത്രമാണ് മാണിക്ക് നല്‍കിയത്. ബാക്കി മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കാണ് പോയത്. ഇത് അന്വേഷിച്ചാല്‍ മന്ത്രി ബാബു അടക്കം മന്ത്രിസഭയിലെ പല ഉന്നതരും കുടുങ്ങുമെന്നതിനാലാണ് തുടരന്വേഷണം തടയാന്‍ ശ്രമിക്കുന്നതെന്നും ബിജു രമേശ് ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.