ബാർകോഴ: വിജിലന്‍സ് സംവിധാനം ഫലപ്രദമല്ലെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാനത്ത് വിജിലന്‍സ് സംവിധാനം നിലവിലുണ്ടോയെന്ന് ഹൈക്കോടതിക്ക് സംശയം.  അഴിമതി കേസുകള്‍ അന്വേഷിക്കുന്ന സംവിധാനം ഒട്ടും വിജിലന്‍റല്ളെന്നും കോടതി കുറ്റപ്പെടുത്തി. അതീവ രഹസ്യമായാണ് കോഴ ഇടപാടുകള്‍ എന്നത് കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തേണ്ട വിജിലന്‍സ് അതിന് മുതിരുന്നില്ല. സത്യമറിയാന്‍ താനടക്കമുള്ള നികുതിദായകരായ സാധാരണ ജനത്തിന്  അവകാശമുണ്ടെന്നും ജസ്റ്റിസ് കെമാല്‍ പാഷ  നിരീക്ഷിച്ചു.എക്സൈസ് മന്ത്രി കെ. ബാബു നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് നല്‍കിയ ഹരജി പരിഗണിക്കവേയാണ് വിജിലന്‍സിനെ  ഹൈക്കോടതി കടുത്തഭാഷയില്‍ വിമര്‍ശിച്ചത്. ലൈസന്‍സ് പുതുക്കി നല്‍കാന്‍ എക്സൈസ് മന്ത്രി കെ. ബാബു ബാറുടമകളില്‍നിന്ന് പത്ത് കോടി  കൈക്കൂലി വാങ്ങിയെന്ന ആരോപണം ബിജു രമേശ് ഉന്നയിച്ചിരുന്നു. ഈ ആരോപണം അച്ചടി, ദൃശ്യമാധ്യമങ്ങള്‍ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ബിജുവിനെതിരെ കെ. ബാബു എറണാകുളം കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്.

മന്ത്രിമാര്‍ക്കെതിരായ കോഴ ആരോപണങ്ങള്‍ അതീവ ഗുരുതരമാണ്. ആരോപണമുയര്‍ന്നാല്‍ സത്യസന്ധമായി അന്വേഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. എന്നാല്‍, ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന സംസ്ഥാനത്തെ വിജിലന്‍സിന്‍െറ അവസ്ഥ ദൗര്‍ഭാഗ്യകരമാണ്. ഈ രീതിയിലാണ് കേസന്വേഷണം തുടരുന്നതെങ്കില്‍ എപ്പോഴെങ്കിലും സത്യം പുറത്തുവരുമെന്ന് കരുതാനാവില്ല. ഈ സാഹചര്യത്തില്‍ ഇത്തരം കേസുകളുടെ അന്വേഷണത്തിന് വിജിലന്‍സിന്‍െറ തന്നെ പ്രത്യേക വിഭാഗം രൂപവത്കരിക്കുകയോ മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ മറ്റേതെങ്കിലും ഏജന്‍സിക്ക് അന്വേഷണം കൈമാറുകയോ ചെയ്യുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി.

മന്ത്രിക്കെതിരായ ബിജു രമേശിന്‍െറ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വിജിലന്‍സിന്‍െറ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതിനാല്‍ അപകീര്‍ത്തിക്കേസ് റദ്ദാക്കാനാവില്ളെന്നായിരുന്നു ഹരജി പരിഗണിക്കവേ മന്ത്രി ബാബുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍െറ നിലപാട്.
പല കോടതികളിലും ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ടെങ്കിലും ആരോപണങ്ങളൊന്നും തെളിഞ്ഞിട്ടില്ല. വ്യക്തിപരമായും രാഷ്ട്രീയപരമായും തേജോ വധം ചെയ്യാന്‍ വേണ്ടി വ്യാജ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ അനുവദിക്കാതെ ഹരജികള്‍ വേഗം തീര്‍പ്പാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ശരിയായ അന്വേഷണം വിജിലന്‍സ് നടത്തിയിട്ടില്ളെന്ന് ബിജു രമേശിന്‍െറ അഭിഭാഷകന്‍ സി.പി. ഉദയഭാനു ചൂണ്ടിക്കാട്ടി. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജികള്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. ആരോപണ വിധേയരായ മന്ത്രിമാരെ സഹായിക്കുന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചിട്ടുള്ളത്. ഇതിനുള്ള തെളിവാണ് കെ.എം. മാണിക്കെതിരെ തെളിവില്ളെന്ന തരത്തില്‍ അന്വേഷണസംഘം സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട്. കോടതി വിധികളെ പോലും പ്രഹസനമാക്കുന്ന രീതിയിലാണ് അന്വേഷണം നടന്നതെന്നും ഹരജിക്കാരന്‍ കോടതിയെ ധരിപ്പിച്ചു.

എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തനിക്കെതിരെ നടക്കുന്ന കേസിലെ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബിജു രമേശ് ഹരജി നല്‍കിയത്.  അപകീര്‍ത്തിക്കേസിലെ തുടര്‍നടപടികള്‍ ഹൈകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീട്ടിയ കോടതി ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച 164ാം വകുപ്പ് പ്രകാരമുള്ള മൊഴി പകര്‍പ്പ് ഹാജരാക്കാനും ഉത്തരവിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.