നാറാത്ത് ആയുധ കേസ്: ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവ്; 20 പേര്‍ക്ക് അഞ്ച് വര്‍ഷവും

കൊച്ചി: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്‍െറ നേതൃത്വത്തില്‍ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെന്ന കേസില്‍ ഒന്നാം പ്രതിക്ക് എന്‍.ഐ.എ കോടതി ഏഴുവര്‍ഷം തടവുശിക്ഷയും അയ്യായിരം രൂപ പിഴയും വിധിച്ചു. രണ്ടു മുതല്‍ 21 വരെയുള്ള പ്രതിപ്പട്ടികയിലുള്ള 20 പേര്‍ക്ക് അഞ്ചുവര്‍ഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. 22ാം പ്രതി നാറാത്ത് കമ്പില്‍ അതകരവീട്ടില്‍ കമറുദ്ദീനെ(34) തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. കേസില്‍ മൊത്തം 22 പ്രതികളാണുള്ളത്. പ്രതികള്‍ ഇതിനകം ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ നിന്ന് കുറക്കും. എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി കെ.എസ്. സന്തോഷ് കുമാറാണ് വിധി പ്രസ്താവിച്ചത്.

മാലൂര്‍ ശിവപുരം പുതിയ വീട്ടില്‍ പി.വി. അബ്ദുല്‍ അസീസ് (43), ഏച്ചൂര്‍ കോട്ടം ആയിഷ മന്‍സിലില്‍ പി.സി. ഫഹദ് (29), നാറാത്ത് കുമ്മായക്കടവ് ഹൗസില്‍ കെ.കെ. ജംഷീര്‍ (27), മുഴപ്പിലങ്ങാട് പുതിയപുരയില്‍ ടി.പി. അബ്ദുസമദ് (30), തോട്ടട ഷുക്കൂര്‍ ഹൗസില്‍ മുഹമ്മദ് സംറീത് (27), വേങ്ങാട് കുന്നിരിക്ക പുറക്കായില്‍ ഹൗസില്‍ സി. നൗഫല്‍ (25), മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍ റാഹയില്‍ സി. റിക്കാസുദ്ദീന്‍ (25), മുഴപ്പിലങ്ങാട് കെട്ടിനകം ആയിഷ ഹൗസില്‍ പി. ജംഷീദ് (21), കോട്ടൂര്‍ കെട്ടിനകം ഒറ്റകണ്ടത്തില്‍ വീട്ടില്‍ ഒ.കെ. ആഷിക് (27), എടക്കാട് ബൈത്തുല്‍ ഹംദ് (അവല്‍ പീടിക വളപ്പില്‍ വീട്ടില്‍ എ.പി. മിസാജ് (23), നാറാത്ത് ഷരീഫ മന്‍സിലില്‍ പി.വി.മുഹമ്മദ് അബ്സീര്‍ (23), കിഴുന്നപ്പാറ മര്‍വ മന്‍സിലില്‍ പി.എം. അജ്മല്‍ (23),  പിണറായി വെണ്ടുട്ടായി കുന്നിന്‍റവിട ഹൗസില്‍ കെ.സി. ഹാഷിം (26), എടക്കാട് ജമീല മന്‍സിലില്‍ (അവല്‍ തയ്യില്‍) എ.ടി. ഫൈസല്‍ (23) , എടക്കാട് റുവൈദ വില്ലയില്‍ (കാരക്കുഞ്ഞി പുതിയ പുരയില്‍) കെ.പി. റബാഹ് (29), മുഴപ്പിലങ്ങാട് ഹൈസ്കൂളിനു സമീപം ഷിജിന്‍സ് മന്‍സിലില്‍ വി. ഷിജിന്‍ എന്ന സിറാജ് (26), എരുവട്ടി കോളൂര്‍ ബൈത്തുല്‍ അലീമയില്‍ സി.പി. നൗഷാദ് (35), മുഴുപ്പിലങ്ങാട് ബീച്ച് റോഡ് സുഹറ മന്‍സിലില്‍ (അവലില്‍ കൊവ്വറക്കല്‍) എ.കെ. സുഹൈര്‍ (24), കോയ്യ കേളപ്പന്‍ മുക്കില്‍ സുബൈദ മഹല്‍ (ചെറിയ മേലാട്) സി.എം. അജ്മല്‍ (23), മുഴപ്പിലങ്ങാട് മറലില്‍ ഹൗസില്‍ (മറീന മന്‍സില്‍) പി. ഷഫീഖ് (27), മുഴപ്പിലങ്ങാട് കെട്ടിനകം ഷര്‍മിനാസില്‍ ഇ.കെ. റാഷിദ് (23) എന്നിവർക്കാണ് തടവും പിഴയും ശിക്ഷ ലഭിച്ചത്.

2013 ഏപ്രില്‍ 23ന് നാറാത്തെ തണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍റെ കെട്ടിടത്തില്‍ ആയുധപരിശീലനം നടത്തിയെന്നാണ് കേസ്. അറസ്റ്റിലായവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഡാലോചന (120ബി), നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സംഘം ചേരല്‍ (143), ഇരുമതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് ശ്രമിക്കല്‍ (153എ), നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ (യു.എ.പി.എ) 18, 18എ വകുപ്പുകള്‍, ആയുധനിയമത്തിലെ 25, 27 വകുപ്പുകള്‍, സ്ഫോടകവസ്തു നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ആരോപിച്ചിരുന്നത്.

മയ്യില്‍ എസ്.ഐയായിരുന്ന സുരേന്ദ്രന്‍ കള്ളിയാട് അടക്കം 26 സാക്ഷികളെ വിസ്തരിച്ചും 109 രേഖകളും 38 തൊണ്ടി സാധനങ്ങളും പരിശോധിച്ചുമാണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രതി ഭാഗത്തു നിന്ന് ഒരു സാക്ഷിയെയും വിസ്തരിച്ചിരുന്നു.

കേരളത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത എന്‍.എ.എ കേസുകളില്‍ ഏറ്റവും വേഗത്തില്‍ വിചാരണ പൂര്‍ത്തിയായ കേസാണിത്. കഴിഞ്ഞ നവംബര്‍ 23 നായിരുന്നു വിചാരണ നടപടികളുടെ തുടക്കം. വിചാരണ തുടങ്ങി രണ്ട് മാസത്തിനുള്ളിലാണ് വിധി പറയുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.