തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് തിരിച്ചുകയറാൻ സർക്കാറിന്‍റെ മുൻഗണനാ ക്രമത്തിനും പാർട്ടിയുടെ രാഷ്ട്രീയ സമീപനത്തിലും തിരുത്തൽരേഖ തയാറാക്കി സി.പി.എം. തിങ്കളാഴ്ച സമാപിച്ച സംസ്ഥാന സമിതിയോഗം മാർഗരേഖക്ക് അംഗീകാരം നൽകി.
രണ്ടാം പിണറായി സർക്കാറിന്‍റെ മുൻഗണന ഇനി ജനസംഖ്യയിൽ 30 ശതമാനം വരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് ആയിരിക്കണമെന്ന് രേഖ നിർദേശിക്കുന്നു. പാർട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ വിഭാഗത്തിൽനിന്നുള്ള ചോർച്ച തടയാൻ എസ്.എൻ.ഡി.പിയിലെ ആർ.എസ്.എസ് നുഴഞ്ഞുകയറ്റം ചെറുക്കണം. അതനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമ്പോൾ ഭൂരിപക്ഷ വിഭാഗം അകലാതിരിക്കാൻ മുസ്ലിം ലീഗിനോട് കഴിഞ്ഞ കുറച്ചുനാളായി സ്വീകരിച്ചുപോരുന്ന അയഞ്ഞ സമീപനത്തിൽ മാറ്റം വരുത്തണമെന്നും തിരുത്തൽരേഖ നിർദേശിക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിലെ വൻതോൽവിയുടെ പശ്ചാത്തലത്തിൽ പോളിറ്റ് ബ്യൂറോ മുതൽ താഴെതട്ടിൽ വരെ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സി.പി.എം തിരുത്തൽ നടപടികളിലേക്ക് കടക്കുന്നത്. തോൽവിയുടെ മുഖ്യകാരണം ഭരണവിരുദ്ധ വികാരമാണെന്ന് ഏതാണ്ട് എല്ലാ കമ്മിറ്റികളിലും അഭിപ്രായമുയർന്നിരുന്നു. ഇതനുസരിച്ചാണ് സർക്കാറിന്‍റെ പ്രവർത്തനത്തിന് മുൻഗണന നിശ്ചയിച്ചത്.
ക്ഷേമ പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കുന്നതിനുള്ള സമയക്രമം ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ച കാര്യങ്ങൾ പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ ഉൾക്കൊണ്ടുള്ള തിരുത്തൽ നടപടിയുടെ ഭാഗമാണ്. പ്രസ്തുത പ്രഖ്യാപനങ്ങൾ നടപ്പാക്കിത്തുടങ്ങുകയും അതിന് വലിയ പ്രചാരണം നൽകുകയും ചെയ്യുന്നതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാൻ കഴിയുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
ഈഴവ വോട്ടുകളിൽ ബി.ജെ.പി സ്വാധീനമുറപ്പിക്കുന്നത് വലിയ രാഷ്ട്രീയ ഭീഷണിയായാണ് പാർട്ടി കാണുന്നത്. ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വലിയ തോതിൽ ഈഴവവോട്ടുകൾ ബി.ജെ.പിയിലേക്ക് ഒഴുകിയപ്പോൾ മലബാറിലെ പാർട്ടി ഗ്രാമങ്ങളിലും ഈ വിഭാഗത്തിന്‍റെ വോട്ട് ബി.ജെ.പിക്ക് കിട്ടി. എസ്.എൻ.ഡി.പിയും ബി.ഡി.ജെ.എസും ശ്രീനാരായണ ദർശനങ്ങളെ കാവിവത്കരിക്കുന്നത് തുറന്ന് എതിർക്കണമെന്ന് തിരുത്തൽ രേഖ നിർദേശിക്കുന്നു.
ക്രിസ്ത്യൻ വിഭാഗത്തിനുള്ള സമാന പ്രവർത്തനം നടത്തുന്ന കാസ പോലുള്ള സംഘടനകളോടും ഇതേ സമീപനം വേണം. മുസ്ലിംലീഗിനെ ഇളക്കിമാറ്റി യു.ഡി.എഫിനെ ദുർബലപ്പെടുത്തുകയെന്ന രാഷ്ട്രീയ സമീപനമാണ് കുറച്ചുകാലമായി സി.പി.എംസ്വീകരിച്ചുവരുന്നത്. ഇനി അതുണ്ടാവില്ല. മുസ്ലിം ലീഗിനുമേൽ മതരാഷ്ട്രവാദ ആക്ഷേപം ആവർത്തിച്ച് ഉന്നയിക്കുന്നതിലൂടെ ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ ഒരുപോലെ എതിർക്കുന്നെന്ന നിലപാട് മുന്നോട്ടുവെക്കും.
ഹിന്ദുവർഗീയത തുറന്നെതിർക്കുമ്പോൾ ഭൂരിപക്ഷവോട്ടുകളിലുണ്ടായേക്കാവുന്ന അതൃപ്തി മുന്നിൽ കണ്ടുള്ള നീക്കമാണിത്. അതേസമയംതന്നെ, ന്യൂനപക്ഷ പ്രശ്നങ്ങളിൽ പാർട്ടി ഇടപെടുന്നത് മുസ്ലിം പ്രീണനമായി ചിത്രീകരിക്കുന്നതിനോട് വിട്ടുവീഴ്ച വേണ്ടെന്നും അത് ആർ.എസ്.എസ് ഭാഷ്യമാണെന്ന് സ്ഥാപിച്ചെടുക്കണമെന്നും തിരുത്തൽരേഖ എടുത്തുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.