തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച 8000ത്തിൽ അധികം വിദ്യാർഥികളുടെ അപേക്ഷകളിൽ പിഴവ്. തെറ്റായ രേഖകൾ മാറ്റി അപ്ലോഡ് ചെയ്യാനുള്ള നിർദേശം അവഗണിച്ച വിദ്യാർഥികളെ ചൊവ്വാഴ്ച മുതൽ നേരിട്ട് ഫോണിൽ വിളിക്കാനും പ്രവേശന പരീക്ഷാ കമീഷണറേറ്റ് തീരുമാനിച്ചു. പിഴവുകൾ തിരുത്താൻ നൽകിയ സമയം ചൊവ്വാഴ്ച രാത്രി 11.59ന് അവസാനിക്കും. എസ്.ഇ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ സംവരണത്തിനായി സമർപ്പിക്കേണ്ട നോൺക്രീമിലെയർ സർട്ടിഫിക്കറ്റിൽ പിഴവ് വരുത്തിയ വിദ്യാർഥികൾ ഏറെയാണ്. വിദ്യാഭ്യാസ ആവശ്യത്തിനായി വില്ലേജ് ഓഫിസർ അനുവദിച്ചനോൺ ക്രീമിലെയർ സർട്ടിഫിക്കറ്റാണ് സംസ്ഥാന പ്രവേശന നടപടികളിൽ പങ്കെടുക്കാനായി അപ്ലോഡ് ചെയ്യേണ്ടത്.
എന്നാൽ, ഒട്ടേറെ വിദ്യാർഥികൾ കേന്ദ്രസർക്കാർ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പോലുള്ള പരീക്ഷകൾക്ക് അപേക്ഷിക്കാനായി തഹസിൽദാറിൽനിന്ന് വാങ്ങിയ നോൺക്രീമിലെയർ സർട്ടിഫിക്കറ്റാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ചില വിദ്യാർഥികൾ വില്ലേജ് ഓഫിസറിൽനിന്ന് തൊഴിൽ ആവശ്യാർഥം അനുവദിക്കുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റുകളാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇവ രണ്ടും സംസ്ഥാനത്തെ പ്രവേശന നടപടികളിൽ പരിഗണിക്കില്ല. ഇത്തരം വിദ്യാർഥികൾക്ക് എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് ലഭിക്കേണ്ട സംവരണം ലഭിക്കില്ല. കാൻഡിഡേറ്റ് പോർട്ടൽ വഴി ആവർത്തിച്ചുള്ള മെമ്മോ അയച്ചിട്ടും എസ്.എം.എസ് അയച്ചിട്ടും പല വിദ്യാർഥികളും തെറ്റായ രേഖകൾ തന്നെയാണ് ആവർത്തിച്ചു അപ്ലോഡ് ചെയ്യുന്നത്. പിഴവ് തിരുത്താനായി ഇതുവരെ കാൻഡിഡേറ്റ് പോർട്ടൽ ലോഗിൻ ചെയ്യാത്ത വിദ്യാർഥികളെയാണ് ആദ്യഘട്ടത്തിൽ ഫോണിൽ വിളിക്കുക. കേരളീയൻ എന്ന് വിദ്യാഭ്യാസ രേഖകളിൽ തെളിയിക്കാൻ കഴിയാത്ത വിദ്യാർഥികൾ നേറ്റിവിറ്റി തെളിയിക്കാൻ സമർപ്പിക്കേണ്ട രേഖകളിലും നൂറുകണക്കിന് വിദ്യാർഥികൾ പിഴവ് വരുത്തിയിട്ടുണ്ട്. ഈ വിദ്യാർഥികളുടെ മാതാപിതാക്കൾ കേരളത്തിൽ ജനിച്ചവരാണെന്നതിന്റെ രേഖകൾ സമർപ്പിക്കുന്നതിന് പകരം തെറ്റായ രേഖകൾ തന്നെയാണ് ആവർത്തിച്ച് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇ.ഡബ്ല്യു.എസ് സംവരണത്തിനായി സമർപ്പിച്ച രേഖയിലും വരുമാന സർട്ടിഫിക്കറ്റിലും പറഞ്ഞിരിക്കുന്ന വരുമാനത്തിലുള്ള അന്തരവും പരിഹരിക്കാനുള്ള നിർദേശവും വിദ്യാർഥികൾക്ക് നൽകിയിട്ടുണ്ടെങ്കിലും പരിഹരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.