ഷിഫ്ന ചിരിപ്പിച്ചു; വേദന മറന്ന്

തിരുവനന്തപുരം: ഷിഫ്നയുടെ അവതരണത്തില്‍ സദസ്സ് അദ്ഭുതപ്പെട്ടു, പൊട്ടിച്ചിരിച്ചു... പക്ഷേ, അത്ര ചിരിയൊന്നും അവള്‍ക്കില്ലായിരുന്നു. കാഴ്ചയില്ലായ്മക്ക് പുറമെ അറ്റോണിക് ബ്ളാഡര്‍ ഫൗളെ സിന്‍ഡ്രം എന്ന അപൂര്‍വരോഗത്തിന്‍െറ വേദനയെയും കൂട്ടിയായിരുന്നു ഷിഫ്ന വി.ജെ.ടി ഹാളിലെ മിമിക്രിവേദിയിലത്തെിയത്. ബുധനാഴ്ച രാത്രി 11 വരെയും ആശുപത്രിയിലായിരുന്നു. ഛര്‍ദിയും അസ്വസ്ഥതകളും കലശലായതിനത്തെുടര്‍ന്ന് ഡ്രിപ്പിട്ട് എങ്ങനെയെങ്കിലും മത്സരത്തിനത്തൊനുള്ള ശ്രമത്തിലും പ്രാര്‍ഥനയിലുമായിരുന്നു പോത്തന്‍കോട് തോണിക്കടവ് ബിസ്മി മന്‍സിലില്‍ ഷിഫ്ന മറിയവും മാതാവ് ഷാഹിനയും. അസുഖം അല്‍പം ഭേദപ്പെട്ട മണിക്കൂറുകളില്‍ നേരെ വി.ജെ.ടി ഹാളിലേക്ക്... എല്ലാംമറന്ന അവതരണം. ആകാശവാണി വാര്‍ത്താവായനയും സുഗതകുമാരിയും വൈക്കം വിജയലക്ഷ്മിയും സിനിമാതാരങ്ങളുമെല്ലാം ഞൊടിയിടയില്‍ വേദിയില്‍ വന്നുപോയി. തിരുവനന്തപുരത്തെ സംസാരരീതിയും ഹിറ്റായ പാട്ടുകളുമെല്ലാം കൈയടിയോടെയാണ് സദസ്സ് എതിരേറ്റത്.
പട്ടം മോഡല്‍ ഗേള്‍സ് ഹൈസ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. ജനിച്ച് രണ്ടാംമാസത്തില്‍ കാഴ്ച നഷ്ടപ്പെട്ടു. ടി.വിയിലും മറ്റും കേട്ട ശബ്ദങ്ങള്‍ ഗ്രഹിച്ചാണ് അനുകരണരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞവര്‍ഷം സംസ്ഥാന കലോത്സവത്തില്‍ മിമിക്രിയില്‍ രണ്ടാംസ്ഥാനം നേടി. ഇക്കുറി 14 പേര്‍ പങ്കെടുത്ത മത്സരത്തില്‍ നാലാംസ്ഥാനവും.
വര്‍ക്കല അന്ധവിദ്യാലയത്തിലായിരുന്നു ആറാംക്ളാസ് വരെ പഠനം. ഷിഫ്നയുടെ കാഴ്ചയും ഗുരുവും ആശ്രയവുമെല്ലാം അമ്മ ഷാഹിനയാണ്. 2014ലാണ് അപൂര്‍വരോഗം പിടിപെടുന്നത്. മൂത്രത്തടസ്സമാണ് പ്രധാന പ്രശ്നം. തുടര്‍ചികിത്സക്ക് ശേഷം കുറച്ചുനാള്‍ കുഴപ്പമില്ലായിരുന്നു. പിന്നീട് വീണ്ടും രോഗം പിടിമുറുക്കി. 14 ലക്ഷം ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഇതിന് കേരളത്തില്‍ സംവിധാനവുമില്ല. വിദേശത്തുനിന്ന് ഡോക്ടര്‍മാരെ എത്തിച്ചുള്ള ശസ്ത്രക്രിയക്കാണ് മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. ഇതിനിടെ റിപ്പബ്ളിക് ദിനത്തില്‍ ഗവര്‍ണറുടെ അതിഥിയായി പങ്കെടുക്കാനുള്ള ക്ഷണംലഭിച്ച സന്തോഷത്തിലാണ് ഷിഫ്ന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.