ജയരാജനെ പ്രതിയാക്കിയതിന് പിന്നിൽ ആര്‍.എസ്.എസ് ഗൂഢാലോചന -പിണറായി

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ പ്രതിയാക്കിയതിന് പിന്നിൽ ആര്‍.എസ്.എസ് ഗൂഢാലോചനയാണെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. ഈ കേസില്‍ ഉന്നതന്മാരെ പ്രതികളാക്കുമെന്ന് ആര്‍.എസ്.എസിന്‍റെ ദേശീയ നേതാവ് മുമ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്‍റെ ജാഥക്കിടെ ഒരാള്‍ പറഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ ഇടപെടല്‍ മൂലമാണ് കേസെടുത്തത് എന്നാണ്. കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടലുണ്ടായെന്ന് ഇപ്പോള്‍ അവര്‍ തന്നെ പറഞ്ഞിരിക്കുന്നുവെന്നും പിണറായി കൊയിലാണ്ടിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പ്രതിയല്ലാത്ത ഒരാളെ സമ്മര്‍ദത്തിന് വഴങ്ങി പ്രതിയാക്കിയ നടപടിക്കെതിരെ പ്രതികരിക്കുകയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്യാതിരിക്കുന്നത് ആര്‍എസ്.എസിനെ പ്രീണിപ്പിക്കാനാണ്. ജയരാജനെ പ്രതിയാക്കാന്‍ ഇത്ര പെട്ടന്ന് എങ്ങനെ തെളിവുകള്‍ ലഭിച്ചെന്ന് പിണറായി ചോദിച്ചു. സി.ബി.ഐ രാഷ്ട്രീയ സമ്മര്‍ദത്തിന്‍റെ ചട്ടുകമായി മാറിയെന്നും പിണറായി ആരോപിച്ചു.

അഴിമതിക്കേസുകള്‍ അട്ടിമറിക്കാൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നീക്കം നടത്തുന്നു. ടൈറ്റാനിയം കേസില്‍ ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കണം. കോടികളുടെ അഴിമതി നടന്ന കേസില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാൻ വിജിലന്‍സ്  ശ്രമിക്കുകയായിരുന്നു. ഈ കേസില്‍ അഴിമതി ആരോപണമുന്നയിച്ചത് സി.പി.എം അല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാമചന്ദ്രന്‍ മാസ്റ്ററാണെന്നും പിണറായി ചൂണ്ടിക്കാട്ടി.

ദലിത് വിദ്യാര്‍ഥികള്‍ക്കെതിരായ ജാതി വിവേചനം കേരളത്തിലെ സര്‍വകലാശാലകളിലും നടക്കുന്നതായി പിണറായി പറഞ്ഞു. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് പി.എച്ച്.ഡി രജിസ്ട്രേഷന്‍ നിഷേധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.