അറസ്റ്റിലാകും മുമ്പ് സരിതയെ താന്‍ ക്ളിഫ് ഹൗസില്‍നിന്ന് വിളിച്ചു –സലിം രാജ്

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായര്‍ അറസ്റ്റിലാകും മുമ്പ് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ഫോണില്‍നിന്ന് താന്‍ വിളിച്ചിരുന്നതായി മുന്‍ ഗണ്‍മാന്‍ സലിം രാജ്. നാനൂറിലേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സോളര്‍ കമീഷന്‍ മുമ്പാകെ സലിം രാജ് മൊഴിനല്‍കി.
സരിത ആവശ്യപ്പെട്ടതനുസരിച്ച് പല ഉന്നതരുടെയും നമ്പര്‍ നല്‍കി. 2013 ജൂണ്‍ മൂന്നിന് സരിത അറസ്റ്റിലാകുന്നതിന് തലേദിവസം സന്ധ്യക്കുശേഷം തന്‍െറ മൊബൈല്‍ ഫോണിലേക്ക് അവര്‍ വിളിച്ചിരുന്നു. താന്‍ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയശേഷം സരിത ക്ളിഫ് ഹൗസിലെ ലാന്‍ഡ് നമ്പറിലേക്ക് വിളിച്ചു. സരിതയുടെ ആവശ്യത്തിന് മറുപടി നല്‍കാനായി താന്‍ ഈ ഫോണില്‍നിന്ന് തിരിച്ച് വളിച്ചതായും സലിം രാജ് പറഞ്ഞു.
 ഇതല്ലാതെയും സരിതയെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലെ ഫോണില്‍നിന്ന് വിളിച്ചിട്ടുണ്ടെന്നും സരിതക്ക് പല ഉന്നതരുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയിരുന്നെന്നും  ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍ മുമ്പാകെ മൊഴിനല്‍കി. പൊലീസ് ശേഖരിച്ച ഫോണ്‍ വിളി സംബന്ധിച്ച രേഖകള്‍ ശരിയാണെന്ന് സലിം രാജ് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി അന്നത്തെ ഇന്‍റലിജന്‍റ്സ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാര്‍ തന്നോട് നേരിട്ട് ചോദിച്ചിരുന്നു. എന്നാല്‍, കേസില്‍ അന്വേഷണച്ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ രേഖപ്പെടുത്തിയ മൊഴിയില്‍ സരിതയുമായി ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടുണ്ടെന്ന പരാമര്‍ശം താന്‍ പറയാത്തതാണെന്നും ചൂണ്ടിക്കാട്ടി.
2011ല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപ സംഭാവന നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയ തന്നെ സലിം രാജ് പരിചയപ്പെട്ടെന്നും രാത്രി ഫോണ്‍ ചെയ്തെന്നുമുള്ള മൊഴികളും ശരിയല്ല. പാലാ കപ്ളാമറ്റത്ത് മുഖ്യമന്ത്രിയുടെ പൊതു പരിപാടിയിലാണ് സരിതയെ ആദ്യമായി കാണുന്നത്. അന്ന്  ഡ്രൈവര്‍ വഴി തന്‍െറ നമ്പര്‍ വാങ്ങിയ സരിത കുറച്ച് നാള്‍ കഴിഞ്ഞ് സോളാര്‍ കമ്പനിയുടെ എം.ഡിയായ ലക്ഷമി നായര്‍ എന്ന പേരില്‍ തന്നെ ഫോണിലൂടെ പരിചയപ്പെടുകയായിരുന്നെന്നും മൊഴിനല്‍കി. പാലായിലെ പൊതുപരിപാടിയില്‍ വെച്ച് എം.എല്‍.എയായ മോന്‍സ് ജോസഫ് വിളിച്ചത് പ്രകാരം സ്റ്റേജില്‍ കയറി സരിത മുഖ്യമന്ത്രിയുടെ ചെവിയില്‍ പാലക്കാട്ട്100 ഏക്കര്‍ സ്ഥലത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കാനായി സഹായം  അഭ്യര്‍ഥിച്ചതായ സോളാര്‍ കമ്പനിയുടെ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നല്‍കിയ മൊഴിയില്‍ പറയുന്ന സംഭവം ഓര്‍മയില്ല. മോന്‍സ് ജോസഫ് ചടങ്ങില്‍ പങ്കെടുത്ത കാര്യത്തില്‍ തനിക്ക് വ്യക്തതയില്ളെന്നും പറഞ്ഞു.
മുഖ്യമന്ത്രിക്ക് റെസ്റ്റാറന്‍റ് നടത്താന്‍ എറണാകുളത്ത് കണ്ടെയ്നര്‍ റോഡില്‍ ഭൂമി വാങ്ങിക്കൊടുക്കാന്‍ സലിം രാജും സരിതയും ഇടപെട്ടെന്ന രാജശേഖരന്‍െറ മൊഴിയും ശരിയല്ല. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് കേട്ടറിവുപോലുമില്ളെന്നും സലിം രാജ് മൊഴിനല്‍കി. ബംഗളൂരുവിലെ വ്യവസായി എം.കെ. കുരുവിള തന്‍െറ ഫോണിലേക്ക് വിളിച്ചതായ മൊഴിയും ശരിയല്ളെന്ന് സലിം രാജ് കമീഷന്‍ മുമ്പാകെ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.