സെക്രട്ടറിയേറ്റിലെ അഴിമതികൂട്ടം തന്നെ കുടുക്കുവാൻ ശ്രമിക്കുന്നു - ജേക്കബ് തോമസ്

കൊടുങ്ങല്ലൂർ: സെക്രട്ടറിയേറ്റിലെ അഴിമതികൂട്ടം തന്നെ കുടുക്കുവാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡി.ജി.പി ഡോ. ജേക്കബ് തോമസ്. അടുത്ത മെമ്മോ എന്തെന്ന് പറഞ്ഞ് കൊടുക്കാനുള്ള ചിന്തയിലായിരിക്കും അവർ. തന്നെ നശിപ്പിക്കുകയും തേജോവധം ചെയ്യുകയുമാണ് അവരുടെ ലക്ഷ്യം. അതിന് വേണ്ടി അവർ എന്തും ചെയ്യുമെന്നും ജേക്കബ് തോമസ് പറഞ്ഞു. കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ പരിശീലന പദ്ധതിയായ 'സുമേധ'യുടെ ഒന്നാം വാർഷികാഘോഷത്തിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

വരാനിരിക്കുന്ന അഴിമതി കേസുകളിൽ നിന്ന് രക്ഷപ്പെടുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ അഴിമതിക്കാർ തനിക്കെതിരെ കൂട്ടുചേർന്നാണ് പ്രവർത്തിക്കുന്നത്. എന്നാൽ, അവർ രക്ഷപ്പെടാൻ പോകുന്നില്ല. ഇന്നല്ലെങ്കിൽ നാളെ അവർക്കെതിരെ എഫ്.ഐ.ആർ വരും. സത്യം ഒരിക്കൽ ജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

"സത്യമേവ ജയതേ" സ്വതന്ത്ര ഇന്ത്യയുടെ ആപ്ത വാക്യമാണ്. ഇത് ശക്തി നൽകുന്നതാണ്. ഭരണഘടനാ തത്വങ്ങൾ മുറുകെ പിടിച്ചു കൊണ്ടാണ് താൻ നിലപാടെടുക്കുന്നത്. അതിനെ ആര് ചോദ്യം ചെയ്താലും അംഗീകരിക്കില്ല. ചിലർ നൂറും ഇരുന്നൂറും അയ്യായിരം വർഷങ്ങൾ വരെ പിന്നോട്ട് വലിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും കേരളം മുന്നോട്ടു തന്നെ പോകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.