ഷാഫി പറമ്പിൽ, എൽ.ഡി.എഫ് നൽകിയ പരസ്യം

‘കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഗ്ലോറിഫൈഡ് വേര്‍ഷന്‍; സുരേന്ദ്രന്‍റെ പാസിൽ മുഖ്യമന്ത്രി ഗോളടിക്കാൻ ശ്രമിക്കുന്നു’

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന്‍റെ തലേദിവസം എൽ.ഡി.എഫ് നൽകിയ പരസ്യം കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ ഗ്ലോറിഫൈഡ് വേര്‍ഷനാണെന്ന് ഷാഫി പറമ്പിൽ എം.പി. സമുദായങ്ങളെ വിലകുറച്ച് കാണാനുള്ള ശ്രമത്തിലാണ് സി.പി.എം. അവർ ഇത്രയും അധഃപതിക്കരുതായിരുന്നു. സംഘപരിപാറിന്‍റെ ലൈനിൽ സംസാരിക്കുന്ന മുഖ്യമന്ത്രി സുരേന്ദ്രന്‍റെ പാസിൽ ഗോളടിക്കാൻ ശ്രമിക്കുകയാണെന്നും ഒറ്റ ടീമായാണ് അവർ കളിക്കുന്നതെന്നും ഷാഫി പറഞ്ഞു.

“സി.പി.എമ്മിന്‍റെ ഭാഗത്തുനിന്ന് ഹീനമായ പ്രവൃത്തിയായിപ്പോയി. വ്യാജ സ്ക്രീൻഷോട്ടിന്‍റെ ഗ്ലോറിഫൈഡ് വേർഷനാണിത്. സി.പി.എം ഇത്രയും അധഃപതിക്കരുതായിരുന്നു. ബി.ജെ.പി ആ പരസ്യം കൊടുക്കുകയാണെങ്കിൽ മനസ്സിലാക്കാം. കാരണം അവരിൽനിന്ന് ഒരാളാണ് പോയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമീഷൻ ഇതിന് എങ്ങനെ അനുമതി കൊടുത്തു? തെരഞ്ഞെടുപ്പിന്‍റെ തലേദിവസമാണ് പരസ്യം വരുന്നത്.

സ്ഥാനാർഥിക്ക് വേണ്ടി കാൽ ഭാഗവും ബാക്കി മുക്കാൽ ഭാഗവും കോൺഗ്രസിലേക്ക് വന്ന ഒരാളെ ഇകഴ്ത്തി കാണിക്കാൻ വേണ്ടി ഉപയോഗിക്കുകയാണ്. ദേശാഭിമാനിയിൽ പോലും നൽകാത്ത ഒരു പരസ്യം ഈ രണ്ട് പത്രങ്ങളിൽ നൽകുന്നത് എന്തുകൊണ്ടാ? ദേശാഭിമാനിയുടെ വായനക്കാർക്ക് പോലും ഈ പരസ്യത്തിൽ യോജിപ്പുണ്ടാകില്ല എന്നതുകൊണ്ടാണ്. സമുദായങ്ങളെ വിലകുറച്ച് കാണാനുള്ള ശ്രമത്തിലാണ് സി.പി.എം. തരംതാണ നടപടിയാണിത്.

സംഘപരിപാറിന്‍റെ ലൈനിൽ സംസാരിക്കുന്ന മുഖ്യമന്ത്രി സുരേന്ദ്രന്‍റെ പാസിൽ ഗോളടിക്കാൻ ശ്രമിക്കുകയാണ്. ഒറ്റ ടീമായാണ് അവർ കളിക്കുന്നത്. മുനമ്പം വിഷയത്തിൽ പാണക്കാട് തങ്ങൾ പോസിറ്റിവായ നിലപാട് സ്വീകരിക്കുമ്പോൾ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകുകയാണെന്ന് അവർ പറയുന്നു. വിദ്വേഷ പ്രചാരണമാണ് മുഖ്യമന്ത്രിയുടേത്. സി.പി.എം ചെലവിൽ ബി.ജെ.പി പരസ്യമാണ് ഇന്നു വന്നത്” -ഷാഫി പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണദിവസമാണ് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ സുപ്രഭാതം, സിറാജ് പത്രങ്ങളിൽ എൽ.ഡി.എഫ് പരസ്യം പ്രസിദ്ധീകരിച്ചത്. പാർട്ടി പത്രമായ ദേശാഭിമാനിയിൽ ഉൾപ്പെടെ ഇത്തരത്തിൽ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ള പരസ്യം നൽകിയിട്ടില്ല. 20 ശതമാനത്തോളം മുസ്‍ലിം വോട്ടുകളാണ് പാലക്കാട് നിയമസഭ മണ്ഡലത്തിലുള്ളത്.

ബി.ജെ.പി മുൻ സംസ്ഥാന കമ്മിറ്റി അംഗവും വക്താവുമായ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് വോട്ടെടുപ്പിന്റെ തലേദിവസം എൽ.ഡി.എഫിന്റെ വോട്ടഭ്യര്‍ഥന. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയുള്ള പരസ്യം. ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയിൽ പത്രത്തിന്റെ ഉള്ളടക്കമെന്ന് തോന്നിക്കുന്ന വിധമാണ് ഇതുള്ളത്. സന്ദീപിന്റെ പഴയ പല വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ച് ‘സരിന്‍ തരംഗം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യം കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ്.

Tags:    
News Summary - 'Glorified version of Kafir Screenshot'; Shafi Parambil on LDF advertisement on the day before election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.