‘എന്നെ വർഗീയവാദിയെന്ന് മുദ്ര കുത്തുന്നവർക്ക് ഖലീഫ ഉമറിന്‍റെ ചരിത്രമറിയില്ല’; വിമർശകർക്ക് മറുപടിയുമായി സന്ദീപ് വാര്യർ

പാലക്കാട്: തന്നെ ഇനി വർഗീയവാദിയെന്ന് മുദ്ര കുത്തുന്നവർക്ക് ഖലീഫ ഉമറിന്‍റെ ചരിത്രമറിയില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ കരുവാക്കി ഇടതുമുന്നണി പാലക്കാട്ട് സുന്നിപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വിവാദ പരസ്യത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപിന്‍റെ പഴയ പരാമർശങ്ങൾ പരസ്യമായി നല്‍കിയാണ് വോട്ടെടുപ്പിന്റെ തലേദിവസം എൽ.ഡി.എഫിന്റെ വോട്ടഭ്യര്‍ഥന.

‘ഈ വിഷനാവിനെ സ്വീകരിക്കുകയോ കഷ്ടം’ എന്ന തലക്കെട്ടിലാണ് സന്ദീപ് വാര്യരുടെ ചിത്രം നൽകിയുള്ള പരസ്യം. ‘സരിന്‍റെ മുഖ്യമന്ത്രിക്കെതിരായ പഴയകാല സമൂഹമാധ്യമ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോയെന്ന് സന്ദീപ് ചോദിച്ചു. സോഷ്യൽ മീഡിയ പേജുകൾ എന്നുപറയുന്നത് നമ്മൾ അതത് കാലങ്ങളിൽ ചെയ്യുന്ന കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന ഡിജിറ്റൽ ഡയറിയാണ്. എന്‍റെ ഭൂതകാലം അങ്ങനെയായിരുന്നു. പക്ഷേ എന്‍റെ അന്നത്തെ നിലപാടുകളെ പൂർണമായും തള്ളിക്കളയുകയും വിഷം വമിപ്പിക്കുന്ന, വിദ്വേഷം വമിപ്പിക്കുന്ന അത്തരം പ്രസ്താനങ്ങളോടുള്ള എല്ലാ വിയോജിപ്പുകളും തുറന്നുപ്രകടിപ്പിക്കുകയും ചെയ്താണ് അവിടുന്ന് ഇറങ്ങിപോന്നത്. മതനിരപേക്ഷതയുടെയും സാമൂഹിക സമരസതയുടെയും ഒപ്പം സഹോദര്യത്തിന്‍റെയും നിലപാട് സ്വീകരിച്ചുകൊണ്ട് യു.ഡി.എഫിലേക്ക് കയറിവന്ന ഒരാളാണ് ഞാൻ. ഇനി എന്നെ വാർഗീയവാദിയെന്ന് മുദ്രകുത്തുന്നതിൽ എന്ത് അർഥമാണുള്ളത്. അങ്ങനെ മുദ്രകുത്തുന്നവർക്ക് ഖലീഫ ഉമറിന്‍റെ ചരിത്രം അറിയില്ലെന്നാണ് എനിക്ക് പറയാനുള്ളത്.

പ്രവാചകനെതിരെ എന്തൊക്കെ ആക്ഷേപങ്ങളുമായി നടന്നയാളായിരുന്നു ഉമർ. പക്ഷേ നിലപാട് തിരുത്തിയപ്പോൾ ചേർത്തുപിടിച്ച ഒരു സമുദായത്തെയാണ് ഇവർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. എനിക്ക് നല്ല വിശ്വാസമുണ്ട്. എന്നെ കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന മതേതര വിശ്വാസികൾ നെഞ്ചോടു ചേർത്തിട്ടുണ്ടെന്ന്. അത് സി.പി.എമ്മിനും ബി.ജെ.പിക്കും ബോധ്യം വന്നിട്ടുണ്ട്. പരാജയം സി.പി.എമ്മിനെയും ബി.ജെ.പിയെയും തുറിച്ചുനോക്കുകയാണ്. യു.ഡി.എഫിന്‍റെ അത്ഭുതകരമായ വിജയം, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയം തടയാൻ അവസാന നിമിഷം കളിക്കുന്ന ഈ നെറികെട്ട നീക്കത്തിനെതിരെ കേരളത്തിന്‍റെ മതനിരപേക്ഷ മനസാക്ഷി പ്രതികരിക്കുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല’ -സന്ദീപ് വാര്യർ മാധ്യമങ്ങളോട് പ്രതികരിച്ചു.

സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലുള്ള പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണെന്നതാണ് പ്രത്യേകത. സന്ദീപിന്‍റെ പഴയ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പരസ്യത്തില്‍ ഉള്ളത്. കശ്മീര്‍ വിഷയത്തില്‍ സന്ദീപിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റും ആര്‍.എസ്.എസ് വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്.

ഒറ്റനോട്ടത്തിൽ പരസ്യമെന്ന് തിരിച്ചറിയാത്ത രീതിയിലാണ് ഇതിന്‍റെ ഉള്ളടക്കം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണദിവസമാണ് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ സുപ്രഭാതം, സിറാജ് പത്രങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചത്. പാർട്ടി പത്രമായ ദേശാഭിമാനിയിൽ ഉൾപ്പെടെ ഇത്തരത്തിൽ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ള പരസ്യം നൽകിയിട്ടില്ല.

Tags:    
News Summary - Sandeep Varier responds to critics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.