കോടതിവിമര്‍ശം തറക്കുന്നത് മുഖ്യമന്ത്രിയുടെ നെഞ്ചില്‍ –വി.എസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശത്തിന്‍െറ മുള്ളുകള്‍ ചെന്നുതറക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചിന്‍കൂട്ടിലാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ബാര്‍ കോഴക്കേസ് സി.പി.എം നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമാണെന്ന കെ. ബാബുവിന്‍െറ ആരോപണം വസ്തുതാവിരുദ്ധവും പരിഹാസ്യവുമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാബു നടത്തിയ അഴിമതികളുടെ തേരാളി ഉമ്മന്‍ ചാണ്ടിയാണ്. ബാബുവിന്‍െറ അഴിമതി കൃത്യമായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങും. ബാര്‍ കോഴക്കേസില്‍ ബാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയെന്ന് തെളിഞ്ഞു. സി.പി.എം ഗൂഢാലോചന നടത്തിയെന്ന് പറയുന്ന തീയതിക്കുമുമ്പേ മാണിയെ കൂടാതെ മൂന്ന് മന്ത്രിമാര്‍കൂടി കോഴ വാങ്ങിയത് സംബന്ധിച്ച് ആക്ഷേപമുയര്‍ന്നു.
ഇക്കാര്യം അന്നത്തെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് തന്നെ പരസ്യമായി പറഞ്ഞു. ബാബു കോഴ വാങ്ങിയെന്ന് പിന്നീട് ബാറുടമകളുടെ സംഭാഷണരേഖ വന്നപ്പോള്‍ വ്യക്തമായി.
 ഈ സംഭാഷണത്തിന്‍െറ ശബ്ദരേഖ ബാബു ഗൂഢാലോചന ആരോപിക്കുന്ന തീയതിക്കും മുമ്പുള്ളതാണ്. അസംബന്ധ പ്രസ്താവന നടത്തുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണെന്നും വി.എസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.