തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍നിന്ന് മൊഴിയെടുക്കും. കേരളത്തിൻെറ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജുഡീഷ്യൽ അന്വേഷണ കമീഷന് മുന്നിൽ ഹാജരാകേണ്ടിവരുന്നത്. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസില്‍ രാവിലെ 11നാണ് മൊഴിയെടുപ്പ്.
സോളാർ കേസിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടേണ്ടി വന്നത് മുഖ്യമന്ത്രിയുടെ ഓഫിസിനാണ്. ഈ ആരോപണങ്ങളിൽ തൻെറ ഭാഗം പറയാനുള്ള അവസരമാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴുണ്ടായിരിക്കുന്നത്. സോളാർ ആരോപണങ്ങൾക്കെതിരെയുള്ള പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാനാണ് ഒരു വർഷം മുമ്പ് പ്രത്യേക സോളാർ അന്വേഷണ കമീഷനെ സർക്കാർ നിയമിക്കുന്നത്. സോളാർ കേസിൽ പ്രധാന പ്രതിയായ ബിജു രാധാകൃഷ്ണൻെറയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും മൊഴികൾ എതിരായതോടെയാണ് മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ കമീഷൻ നിർബന്ധിതമായത്.
സോളാർ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജി. ശിവരാജന് പുറമെ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിക്കും. മൊഴിയെടുക്കൽ പെട്ടെന്ന് പൂർത്തിയാക്കി ഏപ്രിൽ 27ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്റ്റിസ് ശിവരാജൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ്, പേഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്ന ജിക്കുമോന്‍, സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ തുടങ്ങിയവരില്‍നിന്ന് കമീഷന്‍ നേരത്തേ മൊഴിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.