ബംഗളൂരു സ്ഫോടനക്കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസിലെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സീതാറാം സ്ഥാനം രാജിവെച്ചു. സ്ഫോടനക്കേസിന്‍െറ വിചാരണ എന്നു പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കാന്‍ സുപ്രീംകോടതി എന്‍.ഐ.എ കോടതിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജി. തിങ്കളാഴ്ച പബ്ളിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ കേസുകളുടെ വിചാരണ ഒന്നാക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബംഗളൂരു കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് നടന്നില്ല. അന്വേഷണ സംഘത്തോട് ഉടന്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

പ്രോസിക്യൂട്ടറുടെ പെട്ടെന്നുള്ള രാജി കേസിന്‍െറ വിചാരണ വീണ്ടും നീണ്ടുപോകുന്നതിനു കാരണമാകും. ഇതിനകം 60 ശതമാനത്തോളം വിചാരണ പൂര്‍ത്തിയായ കേസാണിത്. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള കാലതാമസവും അദ്ദേഹം കേസ് ഫയലുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനും ദിവസങ്ങളെടുക്കും. കേസിന്‍െറ വിചാരണ വേഗത്തിലാക്കുന്നതിന് സുപ്രീംകോടതിയില്‍നിന്നുണ്ടായ സമ്മര്‍ദവും ഒമ്പതു കേസുകളുടെ വിചാരണ ഏകീകരിക്കുന്നതിലൂടെ പ്രോസിക്യൂട്ടര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവും രാജിക്കു പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.

ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട ഒമ്പതു കേസുകളും ഒന്നിച്ചു വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി നല്‍കിയ അപേക്ഷ കഴിഞ്ഞയാഴ്ച പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശമുണ്ടായത്. കേസ് വൈകിപ്പിക്കുന്നതിനുള്ള നീക്കമാണ് പ്രോസിക്യൂട്ടറുടെ രാജിയെന്നും പറയപ്പെടുന്നു. വിചാരണയുടെ തുടക്കത്തില്‍തന്നെ പ്രോസിക്യൂഷന്‍െറ അനാസ്ഥ മഅ്ദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയതാണ്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം അനന്തമായി നീണ്ടുപോകുന്നതാണ് കേസ് വൈകുന്നതിന് ഇടയാക്കുന്നത്. നിരവധി തവണ സമന്‍സ് അയച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥന്‍ എത്താത്തതടക്കം അനാസ്ഥ സംബന്ധിച്ച പട്ടികയും കോടതിയില്‍ അഭിഭാഷകര്‍ ഹാജരാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.