സോളാര്‍, ബാര്‍ കോഴ കേസുകള്‍ സി.ബി.ഐ അന്വേഷിക്കണം -കുമ്മനം

മലപ്പുറം: സോളാര്‍, ബാര്‍ കോഴ കേസുകളില്‍ സത്യം പുറത്തുവരാന്‍ സി.ബി.ഐ അന്വേഷണം നടത്തുക മാത്രമാണ് വഴിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. മന്ത്രിമാര്‍ നടത്തിയ അഴിമതികളുടെ കൂടുതല്‍ കഥകള്‍ ഓരോ ദിവസവും പുറത്തുവരുന്ന സാഹചര്യത്തില്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് കുമ്മനം ചോദിച്ചു. വിമോചനയാത്രയുമായി മലപ്പുറത്തത്തെിയ ബി.ജെ.പി അധ്യക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ വെച്ച് പണം കൈമാറ്റം നടന്നെന്നാണ് സരിത നായര്‍ പറയുന്നത്. ഈ സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുക്കണം. ആരോപണം ആര്‍ക്കെതിരെയും ഉന്നയിക്കാം. എന്നാല്‍, മന്ത്രിമാര്‍ക്കെതിരെ ഉയരുന്നത് വെറും ആരോപണങ്ങളല്ല. കോടതി പരാമര്‍ശങ്ങളുണ്ടാവുന്നു. തെളിവുകള്‍ പുറത്തുവരുന്നു. ഈ സംഭവങ്ങളും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ആരോപണവും കൂട്ടിവായിക്കാന്‍ കഴിയില്ളെന്ന് ചോദ്യത്തിന് ഉത്തരമായി കുമ്മനം പറഞ്ഞു.
വെള്ളാപ്പള്ളി കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായം പറയാം. സമാന ചിന്താഗതിക്കാരെ എന്‍.ഡി.എയുടെ ഭാഗമാക്കും. കേരളത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്. അക്കൗണ്ട് തുറക്കുക മാത്രമല്ല പാര്‍ട്ടി അധികാരത്തില്‍ വരാവുന്ന തരത്തിലേക്ക് ജനപിന്തുണ വര്‍ധിച്ചതായി കുമ്മനം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എം.ടി. രമേശ്, വൈസ് പ്രസിഡന്‍റ് പ്രമീള നായിക്, കെ. രാമചന്ദ്രന്‍, രവി തേലത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.