വിജിലന്‍സ് ജഡ്ജി എസ്.എസ് വാസന്‍ സ്വയം വിരമിക്കുന്നു

തിരുവനന്തപുരം:  വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ് വാസന്‍ സ്വയം വിരമിക്കലിന് ഹൈകോടതി മുമ്പാകെ അപേക്ഷ നല്‍കി. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ഒന്നര വര്‍ഷം സര്‍വീസ് കാലവധി അവശേഷിക്കെയാണ് അദ്ദേഹം വിരമിക്കലിന് അപേക്ഷ സമര്‍പിച്ചത്.

കേരളത്തിലെ പുതിയ രാഷ്ട്രീയ അന്തരീക്ഷവുമായി ബന്ധപ്പെടുത്തിയാണ് വാസന്‍റെ സ്വയം വിരമിക്കല്‍ നീക്കത്തെ ചേര്‍ത്തുവായിക്കുന്നത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ അന്വേഷണത്തിന്  വിജിലന്‍സ് ജഡ്ജ് ഉത്തരവിട്ടിരുന്നുവെങ്കിലും അന്വേഷണം ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. വിജിലന്‍സ് ജഡ്ജിയെ ഹൈകോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മാത്രമല്ല, വിജിലന്‍സ് കോടതിയുടെ സമീപനം ഹൈകോടതി ഭരണനിര്‍വഹണ വിഭാഗം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നേരത്തെ മന്ത്രി കെ. ബാബുവിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും അതും ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ആണ് വാസന്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയതെന്നും പറയപ്പെടുന്നു.

രൂക്ഷ വിമര്‍ശമാണ് വാസന്‍റെ ഉത്തരവിനെതിരെ ഹൈകോടതി നടത്തിയത്. പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മതിയായ തെളിവുകളില്ലാതെ നിരുത്തരവാദപരമായ ഉത്തരവാണ് വിജിലന്‍സ് കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് പി. ഉബൈദ് നിരീക്ഷിച്ചു. തന്‍റെ മുമ്പിലുള്ള രേഖകള്‍ പരിശോധിച്ച് ആയിരിക്കണം ഒരു ന്യായാധിപന്‍ വിധി പറയേണ്ടത്. അല്ലാതെ പോസ്റ്റ് ഓഫീസ് പോലെ തന്‍റെ മുമ്പില്‍ വരുന്ന പരാതികള്‍ കൈമാറുകയല്ല വേണ്ടത്.  വിജിലന്‍സ് കോടതി ഉത്തരവ് നിയമവാഴ്ചക്ക് ആശാസ്യമല്ല. വിജിലന്‍സ് കോടതിയുടെ ഈ സമീപനം ഹൈകോടതി ഭരണനിര്‍വഹണ വിഭാഗം പരിശോധിക്കണം. സ്വന്തം അധികാര പരിധി പോലും ജഡ്ജിക്ക് അറിയില്ളെന്നും ഇങ്ങനെ ഒരു ജഡ്ജിയെ കൊണ്ട് എങ്ങനെ മുന്നോട്ടു പോകാനാവുമെന്നും പി. ഉബൈദ് നിരീക്ഷിച്ചിരുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.