സി.പി.എമ്മും ബാര്‍ ഉടമകളും തമ്മിലെ ഗൂഢാലോചന അന്വേഷിക്കണം –യു.ഡി.എഫ്

തിരുവനന്തപുരം: സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സി.പി.എമ്മും ബാര്‍ ഉടമകളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. കുറ്റവാളികളും സ്വഭാവ ശുദ്ധിയില്ലാത്തവരും തിരിച്ചും മറിച്ചും പറഞ്ഞ് ജനസമ്മതരായ പൊതുപ്രവര്‍ത്തകരെ നശിപ്പിക്കുന്ന പ്രവണത അനുവദിക്കാന്‍ പാടില്ളെന്നതിനാലാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സരിതയുടെ നിലപാടുമാറ്റവും മൊഴികളും അതിനൊപ്പം  ഇടതുമുന്നണിയും കൂട്ടാളികളും ചേര്‍ന്നുനടത്തുന്ന അക്രമങ്ങളും സി.പി.എമ്മും ബാര്‍ ഉടമകളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. സോളാര്‍ വിഷയത്തില്‍ രണ്ടരവര്‍ഷം പറഞ്ഞ കാര്യങ്ങളല്ല സരിത ഇപ്പോള്‍ പറയുന്നത്. മൊഴി മാറ്റാന്‍  സി.പി.എം നേതാക്കള്‍ പത്തുകോടിയും വീടും വാഗ്ദാനം ചെയ്തതായി അവര്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. സി.പി.എം അത് നിഷേധിച്ചിട്ടില്ല. അന്ന് നല്‍കിയ വാഗ്ദാനം സരിത സ്വീകരിച്ചെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇതിന് മദ്യലോബിയുടെ സഹായം ഉണ്ടായിട്ടുണ്ട്. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പുതിയ സര്‍ക്കാറിന് കഴിയുമെന്ന പിണറായി വിജയന്‍െറ പ്രസ്താവന ഇതിന്‍െറ ഭാഗമാണ്.
സരിതയെ സി.പി.എമ്മിന് ഇപ്പോഴും വിശ്വാസമാണ്. അതിനാല്‍ പത്തുകോടിയും വീടും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്ന അവരുടെ വാക്കുകളും  വിശ്വസിക്കുന്നുണ്ടോയെന്ന്  വ്യക്തമാക്കണം.  സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. ഭരണത്തുടര്‍ച്ചയും ഉണ്ടാകും.   പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ച്  വിദഗ്ധരുമായി മാര്‍ച്ച് ഒന്നിന്  തലസ്ഥാനത്ത് ചര്‍ച്ച നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.