കൊച്ചി: മുംബൈ സ്ഫോടനക്കേസില്‍ സുപ്രീംകോടതി തൂക്കിലേറ്റിയ യാക്കൂബ് മേമനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമാണ് ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ക്കും ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യക്കും ഇടയാക്കിയതെന്ന് എ.ബി.വി.പി ദേശീയ ജനറല്‍ സെക്രട്ടറി വിനയ്ചന്ദ്ര. സര്‍വകലാശാലയിലെ അംബേദ്കര്‍ സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് വിദ്യാര്‍ഥികളാണ് യാക്കൂബ് മേമനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഒരു മേമനെ തൂക്കിലേറ്റിയാല്‍ ഒരായിരം മേമന്മാര്‍ ഇന്ത്യയിലെ ദലിത് കുടുംബങ്ങളില്‍ ഉയര്‍ന്നുവരുമെന്ന ഫേസ്ബുക് പോസ്റ്റാണ് കാമ്പസില്‍ പ്രകോപനത്തിന് കാരണമായതെന്ന് വിനയ്ചന്ദ്ര വ്യക്തമാക്കി.എ.ബി.വി.പി 31ാം സംസ്ഥാന സമ്മേളനം എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
200 പേര്‍ക്ക് ജീവഹാനിയുണ്ടാക്കിയ മുംബൈ സ്ഫോടനക്കേസിലെ പ്രതിയെ ന്യായീകരിച്ച വിദ്യാര്‍ഥികളുടെ നടപടി സ്ഫോടനത്തില്‍ മരിച്ചവരോടുള്ള അനീതിയാണ്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ തൂക്കിലേറ്റിയ ഒരാള്‍ക്കുവേണ്ടി വാദിച്ച ദലിത് വിദ്യാര്‍ഥികളുടെ നടപടി ന്യായീകരിക്കാനാവില്ല. ഫേസ്ബുക് പോസ്റ്റിനെ എതിര്‍ത്ത് രംഗത്തത്തെിയത് എ.ബി.വി.പിയാണ്. ഇതേതുടര്‍ന്ന് സര്‍വകലാശാലയില്‍ ആദ്യം അക്രമം നടത്തിയത് അംബേദ്കര്‍ സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് വിദ്യാര്‍ഥികളാണെന്ന് വിനയ്ചന്ദ്ര ആരോപിച്ചു. കലാലയങ്ങളില്‍ ദേശീയത വളര്‍ത്തുന്ന രീതിയിലുള്ള പാഠ്യപദ്ധതിയാണ് നടപ്പാക്കേണ്ടതെന്നും നിര്‍ഭാഗ്യവശാല്‍ ചില പ്രസ്ഥാനങ്ങളുടെയും കുടുംബങ്ങളിലെയും ചരിത്രം മാത്രമാണ് പഠിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. ദേശീയ ഉപാധ്യക്ഷന്‍ ഡോ. സുബ്ബയ്യാ ഷണ്‍മുഖന്‍ മുഖ്യാതിഥിയായി. കൊച്ചി യൂനിവേഴ്സിറ്റി സെനറ്റംഗം പി. ശ്യാംരാജ് സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എസ്. മനു സ്വാഗതവും സംസ്ഥാന സെക്രട്ടറി എ. പ്രസാദ് നന്ദിയും പറഞ്ഞു.
ശനിയാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്‍റ് സി.കെ. രാകേഷ്, സെക്രട്ടറി എ. പ്രസാദ് എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തിയതോടെ രണ്ടുദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിന്ദ്രെ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ദേശീയ സഹ സംഘടന സെക്രട്ടറി ജി. ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് സി.കെ. രാകേഷ് അധ്യക്ഷത വഹിച്ചു. ഞായറാഴ്ച രാവിലെ ‘ദലിത് പൊളിറ്റിക്സ് ആന്‍ഡ് അംബേദ്കര്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ബി. അശോക് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.