എട്ടാം ക്ലാസുവരെ പിരിവ് നടത്തരുതെന്ന് ബാലാവകാശ കമീഷന്‍

തിരുവനന്തപുരം: എട്ടാം ക്ളാസുവരെ വിദ്യാര്‍ഥികളില്‍നിന്ന് പിരിവ് നടത്തരുതെന്ന് ബാലാവകാശ കമീഷന്‍. പ്രാഥമിക വിദ്യാഭ്യാസ കാലയളവായ 14 വയസ്സുവരെ (എട്ടാം ക്ളാസുവരെ ) കുട്ടികളില്‍നിന്ന് ഒരുവിധ ഫീസോ പിരിവോ  ശേഖരിക്കരുതെന്ന് കാണിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ കമീഷന്‍ തീരുമാനിച്ചു.  
ഇതനുസരിച്ച് കുട്ടികളില്‍നിന്ന് സ്റ്റാമ്പ് പിരിവ്, യുവജനോത്സവ കൂപ്പണ്‍ പിരിവ്, പി.ടി.എ ഫണ്ട്, സ്കൂള്‍ വാര്‍ഷിക പിരിവ് എന്നിങ്ങനെയുള്ള ധനസമാഹരണം പാടില്ല. 2009ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം കുട്ടികളുടെ എല്ലാ ചെലവുകളും വഹിക്കേണ്ടത് സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളുമാണ്. ഒമ്പത്,10 ക്ളാസുകളിലെ കുട്ടികളില്‍നിന്ന് സര്‍ക്കാര്‍ ഫീസ് അല്ലാതെ മറ്റൊരു നിര്‍ബന്ധിത പിരിവും പാടില്ല.

2016-17 അധ്യയന വര്‍ഷത്തിലെ പ്ളസ് വണ്‍ പ്രവേശത്തിനുമുമ്പ് ഏതെല്ലാം ഇനത്തില്‍ തുകകള്‍ ശേഖരിക്കാമെന്നും  ഇളവിന് അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ ഏതൊക്കെയെന്നും മുന്‍കൂര്‍ പ്രസിദ്ധീകരിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് ബാലാവകാശ കമീഷന്‍ മറ്റൊരു ഉത്തരവിലൂടെ നിര്‍ദേശം നല്‍കി. ഇത് വിദ്യാഭ്യാസ വകുപ്പിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും എല്ലാ അധ്യയനവര്‍ഷവും സ്ഥിരം സംവിധാനമാക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുപ്രവര്‍ത്തകന്‍  അഡ്വ.എസ്.ആര്‍.  സുധീഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് കമീഷന്‍ ഉത്തരവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.