കൊച്ചി: പത്ത് വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള, മതിയായ യോഗ്യതയുള്ള റിസോഴ്സ് അധ്യാപകര്‍ക്ക് സ്ഥിരനിയമനം നല്‍കണമെന്ന് ഹൈകോടതി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് സമാനമായ ശമ്പളവും പ്രസവാവധി ഉള്‍പ്പെടെ ആനുകൂല്യങ്ങളും നല്‍കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. അധ്യാപകരുടെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം കര്‍മപദ്ധതി തയാറാക്കണം. കര്‍മപദ്ധതി തയാറാക്കുന്നത് വരെയുള്ള കാലയളവില്‍ യോഗ്യരായ അധ്യാപകരെ പിരിച്ചുവിടരുതെന്നും സിംഗ്ള്‍ബെഞ്ച് നിര്‍ദേശിച്ചു.
പതിറ്റാണ്ടായി തുടര്‍ച്ചയായി കരാറടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരായി ജോലി ചെയ്തുവരുന്നവരുടെ ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. അംഗവൈകല്യം ബാധിച്ച കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി കൊണ്ടുവന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് റിസോഴ്സ് അധ്യാപകരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ തുടങ്ങിയത്. 2009ല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പരിഷ്കരിച്ചപ്പോള്‍ യോഗ്യതയില്ലാത്തവരെ പുറത്താക്കി. ഇതോടെ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ അധികാരമായി മാറി.
അപ്പോഴും കരാറടിസ്ഥാനത്തില്‍ത്തന്നെ നിയമനം തുടര്‍ന്നു. വേനലവധി തുടങ്ങുന്ന മാര്‍ച്ച് 31ഓടെ പിരിച്ചുവിട്ട് ജൂണ്‍ ഒന്ന് മുതല്‍ കരാര്‍ പുതുക്കി നല്‍കുന്ന രീതിയിലാണ് നിയമനം. ഈ സാഹചര്യത്തിലാണ് രണ്ട് മുതല്‍ 12 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ള റിസോഴ്സ് അധ്യാപകര്‍ സ്ഥിരപ്പെടുത്തല്‍ ആവശ്യവുമായി കോടതിയെ സമീപിച്ചത്.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫണ്ടും കേന്ദ്ര സര്‍ക്കാറാണ് അനുവദിക്കുന്നതെന്നും അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ കഴിയില്ളെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഈ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.
വികലാംഗ സംരക്ഷണ നിയമ (പേഴ്സണ്‍സ് വിത്ത് ഡിസ്എബിലിറ്റീസ് ആക്ട്) പ്രകാരം അംഗവൈകല്യം ബാധിച്ച കുട്ടികള്‍ക്ക് 18 വയസ്സുവരെ നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം നല്‍കേണ്ടതും സംസ്ഥാന സര്‍ക്കാറിന്‍െറ കടമയാണെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ധനസഹായം തന്നില്ളെങ്കില്‍പോലും അംഗവൈകല്യം ബാധിച്ച കുട്ടികള്‍ക്ക് 18 വയസ്സുവരെ നിര്‍ബന്ധിത -സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാവില്ല. സാധാരണ അധ്യാപകരേക്കാള്‍ സാമൂഹിക, തൊഴില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നവരാണ് റിസോഴ്സ് അധ്യാപകര്‍. അതിനാല്‍, അവര്‍ക്ക് സാധാരണ അധ്യാപകരുടേതിന് സമാനമായ വേതനവും ആനുകൂല്യങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.