തിരുവനന്തപുരം: ബാർ കോഴ കേസിൽ മുൻ ധനമന്ത്രി കെ.എം മാണിയെ കുറ്റമുക്തനാക്കിയ റിപ്പോർട്ട് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ ഡി.ജി.പി ജേക്കബ് തോമസ് നിയമോപദേശം തേടി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ വി. ശശീന്ദ്രനെ മാറ്റിനിർത്തി സ്വന്തം നിലയിലാണ് വിജിലൻസ് ഡയറക്ടർ നിയമോപദേശം തേടിയത്. ബാർ കോഴ കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് വിജിലൻസിന്‍റെ പുതിയ നീക്കം.
കോഴ കേസിൽ മാണിയെ കുറ്റമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി എസ്.പി സുകേശൻ രണ്ടാം തവണ സമർപ്പിച്ച റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു. രണ്ടു തവണയായി മാണിക്ക് പണം നൽകിയെന്ന് ബാറുടമ ബിജു രമേശ് മൊഴി നൽകിയിട്ടുണ്ട്. ഇതിൽ 50 ലക്ഷം രൂപ നൽകിയെന്ന മൊഴിയിലും മാണിയുടെ സ്വത്ത് വിവരത്തെ കുറിച്ചും കൂടുതൽ തെളിവ് ശേഖരിക്കണമെന്നും ജഡ്ജി നിർദേശിച്ചിരുന്നു.
എന്നാൽ, തെളിവ് ശേഖരിക്കാതെ മാണിയെ കുറ്റമുക്തനാക്കി രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിച്ചെന്നാണ് വിജിലൻസ് ഡയറക്റുടെ നിഗമനം. തുടരന്വേഷണത്തിൽ കോടതി നിർദേശിച്ച എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണോ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്ന് പരിശോധിക്കുകയാണ് വിജിലൻസ് ചെയ്യുന്നത്. നിലവിലെ റിപ്പോർട്ട് തള്ളി കളയണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ, വൈക്കം വിശ്വൻ, വി. മുരളീധരൻ അടക്കമുള്ളവർ വിജിലൻസ് കോടതിയിൽ ഹരജികൾ നൽകിയിട്ടുണ്ട്.
മാണിയെ അഴിമതി നിരോധ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശിപാര്‍ശ ചെയ്യുന്ന വസ്തുതാ റിപ്പോര്‍ട്ടാണ് കോഴ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ആർ. സുകേശന്‍ സമർപ്പിച്ചത്. എന്നാൽ, മാണിക്കെതിരെ കേസെടുക്കാൻ തെളിവില്ലെന്ന നിലപാടാണ് മുൻ വിജലൻസ് ഡയറക്ടർ വിൻസൻ എം. പോൾ സ്വീകരിച്ചത്. അറ്റോണി ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ മാണിക്കെതിരെ കേസ് നിലനില്‍ക്കില്ലെന്ന ഉപദേശം നല്‍കിയതോടെ കേസില്‍ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിക്കുകയായിരുന്നു.
ഈ റിപ്പോർട്ട് തള്ളികളഞ്ഞാണ് വിജിലൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. തുടരന്വേഷണത്തിന് ശേഷം തെളിവുകളില്ലെന്ന റിപ്പോർട്ടാണ് മുൻ വിജിലൻസ് ഡയറക്ടർ എൻ. ശങ്കർ റെഡ്ഡി കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ട് തള്ളി കളയണമെന്നാണ് ഹരജിക്കരുടെ പ്രധാന വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.