പത്തനംതിട്ട: പൊലീസ് നോക്കിനില്‍ക്കെ കോടതി മുറിക്ക് മുന്നില്‍ കസ്റ്റഡി പ്രതി വക്കീല്‍ ഗുമസ്തനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കി. ചൊവ്വാഴ്ച രാവിലെ 11ന് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഒന്നിന്‍െറ ഇടനാഴിയിലാണു സംഭവം. അഡ്വ. സി.എന്‍. സോമനാഥന്‍ നായരുടെ ഗുമസ്തന്‍ കൈപ്പട്ടൂര്‍ കുഴിഞ്ഞയ്യത്ത് വീട്ടില്‍ രതീഷ് വി. നായര്‍ക്കാണ് (33) മര്‍ദനമേറ്റത്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി അനീഷാണ് (25) രതീഷിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ രതീഷ് വി. നായരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈയിലെ വിലങ്ങുമായി കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് പ്രതി ഗുമസ്തനെ മര്‍ദിച്ചത്. രതീഷിന്‍െറ സഹപ്രവര്‍ത്തകരെയും ഇയാള്‍ മര്‍ദിക്കാന്‍ ശ്രമിച്ചു. രാവിലെ 11ഓടെ രണ്ടു പൊലീസുകാരാണ് അനീഷിനെയുംകൊണ്ട് കോടതിയിലത്തെിയത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനത്തെുമ്പോള്‍ കോടതിയുടെ വാതില്‍ക്കല്‍ തിരക്കുള്ള വരാന്തയില്‍ വനിതാ ഗുമസ്ത കാലില്‍ ചവിട്ടിയെന്നാരോപിച്ച് ഇയാള്‍ കോടതി മുറിയുടെ മുന്നില്‍ ബഹളം വെക്കുകയും ഗുമസ്തയെ അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെ അസഭ്യം വിളിച്ച വിവരം വക്കീല്‍ ഗുമസ്ത മജിസ്ട്രേറ്റിന് മുന്നില്‍ പരാതിയായി പറഞ്ഞു. പരാതി പൊലീസില്‍ അറിയിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം അനീഷിനെയുംകൊണ്ട് പൊലീസുകാര്‍ കോടതി മുറിക്ക് പുറത്തേക്കിറങ്ങാന്‍ നേരം എന്തിനാണ് സഹപ്രവര്‍ത്തകയെ അസഭ്യം വിളിച്ചതെന്ന് രതീഷും സഹപ്രവര്‍ത്തകരും അനീഷിനോട് ചോദിച്ചു. ഇത് ഇഷ്ടപ്പെടാതെ അനീഷ് രതീഷിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം കണ്ട് കോടതി വരാന്തയില്‍ നിന്നവര്‍ പരിഭ്രാന്തരായി. ബഹളത്തെ തുടര്‍ന്ന് കോടതി നടപടി നിര്‍ത്തിവെച്ചു. വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്നവനാണെന്നും ആരെയും പേടിയില്ളെന്നും പ്രതി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
ഉടന്‍ പൊലീസത്തെി പ്രതിയെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയതോടെയാണ് രംഗം ശാന്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.