ഇ.പിയുടെ ആത്മകഥ: നടപടിക്രമം പാലിച്ചെന്ന് ഡിസി ബുക്സ്

കോട്ടയം: ഇ.പി. ജയരാജന്റെ പരാതിയിൽ ആത്മകഥ വിവാദത്തിൽ പൊലീസ് രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ വിശദീകരണവുമായി ഡി.സി ബുക്സ്. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ തങ്ങൾ പുസ്ത‌കങ്ങൾ പ്രസിദ്ധീകരിക്കാറുള്ളുവെന്നും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡി.സി ബുക്സ് പ്രസ്താവനയിൽ പറഞ്ഞു.

‘ഇ.പി. ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡി.സി ബുക്‌സ് മൊഴി നൽകി. ചില മാധ്യമങ്ങളിലൂടെ ഇപ്പോൾ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുമാത്രമേ ഡി.സി ബുക്സ‌് പുസ്ത‌കങ്ങൾ പ്രസിദ്ധീകരിക്കാറുള്ളു. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണ്’ -ഡി.സി ബുക്സ് വ്യക്തമാക്കി.

കോട്ടയം ഡി.വൈ.എസ്.പി കെ.ജി. അനീഷാണ് രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തിയത്. ഉച്ചക്ക് 12.30നാണ് രവി ഡി.സി എത്തിയത്. മൊഴി രേഖപ്പെടുത്തൽ രണ്ടുമണിക്കൂറോളം നീണ്ടു. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണറിപ്പോർട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും. അതേസമയം, പുസ്തകം പ്രസിദ്ധീകരിക്കാൻ ഡി.സി ബുക്സിന് ഇ.പി. ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിന് രവി ഡി.സി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇ.പി. ജയരാജനുമായി ഡി.സി ബുക്സിന് കരാർ ഇല്ലെന്ന് ജീവനക്കാർ നേരത്തേ മൊഴി നൽകിയിരുന്നു.

വിവാദത്തിൽ ഇ.പി. ജയരാജന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. തന്റെ ആത്മകഥയെന്ന പേരിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് ഡി.സി ബുക്സിനെതിരെ ജയരാജൻ നിയമനടപടി സ്വീകരിച്ചിരുന്നു. ചേലക്കര ഉപ​തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇ.പിയുടെ ആത്മകഥയിലെ വിവാദ പരാമർശങ്ങൾ പുറത്തുവന്നത്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് പ്രയാസമുണ്ടാക്കിയെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമെന്നുമായിരുന്നു പുറത്തുവന്ന പരാമർശങ്ങളിലുണ്ടായിരുന്നത്. കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

പാലക്കാട്ടെ ഇടതു സ്ഥാനാർഥി സരിൻ വയ്യാവേലിയാണെന്നും പരാമർശമുണ്ടായി. ഈ പരാമർശങ്ങൾ തന്റെതല്ലെന്നും ആത്മകഥ എഴുതി പൂർത്തിയാക്കിയിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപിച്ചിട്ടില്ലെന്നുമാണ് വിവാദങ്ങൾക്ക് ജയരാജന്റെ മറുപടി. വിവാദങ്ങൾക്ക് പിന്നാലെ സരിന്റെ പ്രചാരണത്തിനായി ഇ.പി പാലക്കാട്ടെത്തിയിരുന്നു.

Tags:    
News Summary - dc books about EP Jayarajan Autobiography controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.