പീപ്പിൾസ് ഫൗണ്ടേഷൻ മുണ്ടക്കൈ -ചൂരൽമല പുനരധിവാസ പദ്ധതി പ്രഖ്യാപനം ബുധനാഴ്ച

കൽപറ്റ: മുണ്ടക്കൈയിലും ചൂരൽമലയിലുമണ്ടായ ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്‌കരിച്ച സമഗ്ര പുനരധിവാസ പദ്ധതി ‘എറൈസ് മേപ്പാടി’ (Arise Meppadi) പ്രഖ്യാപനം നവംബർ 27ന് മേപ്പാടിയിൽ നടക്കും. 20 കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളാണ് പീപ്പിൾസ് ഫൗണ്ടേഷൻ വിഭാവനംചെയ്തിട്ടുള്ളത്.

മേപ്പാടിയിൽ ദുരന്തം സംഭവിച്ച ദിവസം മുതൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പീപ്പിൾസ് ഫൗണ്ടേഷൻ സജീവമായി രംഗത്തുണ്ടായിരുന്നു. ദുരന്തബാധിതരുടെ സമഗ്ര പുനരധിവാസത്തിനാണ് പീപ്പിൾസ് ഫൗണ്ടേഷൻ അടുത്ത ഘട്ടത്തിൽ ഊന്നൽ നൽകുന്നത്. മേപ്പാടിയിൽ റീജനൽ സെൻറർ തുറക്കുകയും വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ മേഖലകളിൽ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്‌തിട്ടുണ്ട്.

2018ലെയും 2019ലെയും പ്രളയ പുനരധിവാസവും പുത്തുമല- കവളപ്പാറ ഉരുൾ ദുരന്ത പുനരധിവാസവും സമയബന്ധിതമായി പൂർത്തീകരിച്ച അനുഭവത്തിൽനിന്നാണ് പീപ്പിൾസ് ഫൗണ്ടേഷൻ മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്ത ബാധിതർക്കായി 'എറൈസ് മേപ്പാടി' എന്ന പേരിൽ സമഗ്ര പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കുന്നത്. ദുരന്ത ബാധിതരെ സജീവതിയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

വീടുകൾ നിർമിക്കുക, നഷ്ടപ്പെട്ട വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കുകയും അവരുടെ ജീവനോപാധി പുനഃസ്ഥാപിക്കുകയും ചെയ്യുക, തൊഴിൽ നഷ്ടപ്പെട്ടവർക്കും കുടുംബത്തിലെ വരുമാനമാർഗം ഇല്ലാതായവർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുന്നതിനുള്ള സഹായങ്ങൾ നൽകുക, നൈപുണ്യ വികസന പരിപാടികൾ നടപ്പാക്കി തൊഴിൽ ശേഷി വർധിപ്പിക്കുക, സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, തൊഴിൽ ശേഷി ഇല്ലാത്ത കുടുംബങ്ങൾക്ക് ക്ഷേമ പെൻഷൻ നൽകുക, കമ്യൂണിറ്റി സെൻറർ സ്ഥാപിച്ച് സാമൂഹ്യ സംയോജനം പ്രോത്സാഹിപ്പിക്കുക, പ്രകൃതിദുരന്തങ്ങളെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ദുരന്ത സമയത്ത് എങ്ങനെ പ്രതികരിക്കണം എന്ന് പഠിപ്പിക്കുകയും ചെയ്യുക, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് പീപ്പിൾസ് ഫൗണ്ടേഷൻ പ്രാഥമിക പഠനറിപ്പോർട്ട് (റാപ്പിഡ്) തയാറാക്കിയിരുന്നു. സാറ്റലൈറ്റ് സർവേയിലൂടെ ജിയോമാപ്പിങ് സംവിധാനം ഉപയോഗപ്പെടുത്തി നടത്തിയ പഠനവും, ഗൂഗ്ൾ എർത്തിൽ പ്രസ്‌തുത മാപ്പിന്റെ ഡോക്യുമെൻ്റേഷനും ആണ് ശ്രദ്ധേയമായമായി. 540 ദുരിതബാധിതരുമായി നേരിട്ട് സംസാരിച്ച് തയാറാക്കിയ റിപ്പോർട്ട് മറ്റൊരു പ്രധാന പഠന പ്രവർത്തനമായിരുന്നു. കൂടാതെ ദുരന്തത്തിന്റെ വ്യാപ്‌തിയും ദുരന്ത നിവാരണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രാഥമിക ശാസ്ത്രീയ വിശകലനവും പഠനത്തിന്റെ ഭാഗമായിരുന്നു.

പുനരധിവാസപ്രവർത്തനം നടത്താനുദ്ദേശിക്കുന്നവർക്കും പൊതുജനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾക്കും ഉപകാരപ്പെടുന്ന തരത്തിൽ ദുരന്തത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളും എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ദുരന്തപ്രദേശത്ത് പൂർണമായി നശിച്ച വീടുകൾ, വാസയോഗ്യമല്ലാത്ത വീടുകൾ, അവിടങ്ങളിൽ താമസിച്ച ആളുകളുടെ വിവരങ്ങൾ, മരിച്ചവർ തുടങ്ങിയവ ജിയോ മാപ്പിങ്ങിലൂടെയുള്ള സാറ്റലൈറ്റ് സർവേ റിപ്പോർട്ടിലൂടെ മനസ്സിലാകും. തകർന്ന കെട്ടിടങ്ങൾ, ഉരുൾപൊട്ടൽ വന്ന വഴി തുടങ്ങിയവയും മനസ്സിലാക്കാൻ കഴിയും. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചുകൊണ്ടുകൂടിയാണ് പദ്ധതി നടപ്പാക്കുക.

പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്‌മാൻ നിർവഹിക്കും. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ് അധ്യക്ഷത വഹിക്കും. ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി ബാലകൃഷ്‌ണൻ എം.എൽ.എ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വൈസ് പ്രസിഡൻറ് എസ്. ബിന്ദു, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, അസി. അമീറുമരായ എം.കെ. മുഹമ്മദലി, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്‌ണൻ, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബു, ജെ.എസ്.എസ് സി.ഇ.ഒ ഉമർകോയ എന്നിവർ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കും.

പദ്ധതികളുടെ ഒന്നാംഘട്ട ധനസഹായ വിതരണവും പരിപാടിയൽവെച്ച് നടക്കും. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ ഡിസാസ്റ്റർ സ്റ്റഡീസ് ഡിപ്പാർമെന്റ് അസി. പ്രഫസർ ഡോ. എസ്. മുഹമ്മദ് ഇർഷാദ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമദ്, ജനതാദൾ ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി, സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജോജിൻ ടി. ജോയ്, കേരള വ്യാപാര വ്യവസായ സമിതി വയനാട് ജില്ല സെക്രട്ടറി പ്രസന്ന കുമാർ, ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം. മൊയ്തീൻകുട്ടി ഹാജി, ടി.പി യൂനുസ്, സി.കെ. ഷമീർ തുടങ്ങിയവർ സംബന്ധിക്കും.

പീപ്പിൾസ് ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ശമീൽ സജ്ജാദ്, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. വി.എം. നിഷാദ്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ടി.പി യൂനുസ്, ഓർഗനൈസിങ് കമ്മിറ്റി കൺവീനർ സി.കെ. ഷമീർ, പ്രോജക്ട് കോഡിനേറ്റർ നൗഷാദ് ബത്തേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    
News Summary - People's Foundation Mundakai-Churalmala Rehabilitation Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.