ലാസ്റ്റ്ഗ്രേഡ് തസ്തികയില്‍ വിദ്യാഭ്യാസയോഗ്യത ഉയര്‍ത്തി

തിരുവനന്തപുരം: സര്‍ക്കാറിലെ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരുടെ വിദ്യാഭ്യാസയോഗ്യത ഏഴാംക്ളാസാക്കി ഉയര്‍ത്തി. എന്നാല്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനും കഴിയില്ല. നേരത്തെ ഈ നിര്‍ദേശം വന്നിരുന്നെങ്കിലും നടപ്പായില്ല. പി.എസ്.സിയുടെ അംഗീകാരത്തോടെ സ്പെഷല്‍ റൂള്‍സില്‍ ആവശ്യമായ ഭേദഗതിവരുത്തി.
പി.എസ്.സിയിലും സര്‍ക്കാര്‍ തലത്തിലും ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ച നടന്നിരുന്നു. 2012 മേയില്‍ പ്യൂണ്‍ തസ്തികയുടെ പേര് ഓഫിസ് അറ്റന്‍റന്‍റ് ആക്കി പുനര്‍നാമകരണം ചെയ്തിരുന്നു. 48 വിഭാഗം തസ്തികകളാണ് ഇതില്‍ വരുന്നത്.
നിലവില്‍ മലയാളമോ തമിഴോ കന്നടയോ ഭാഷയില്‍ സാക്ഷരത മതിയായിരുന്നു. ഇതാണ് ഏഴാം ക്ളാസാക്കി ഉയര്‍ത്തിയത്. ഇനിമുതല്‍ പി.എസ്.സി അപേക്ഷകള്‍ക്ക് സ്പെഷല്‍ റൂള്‍സില്‍ പുതുതായി കൊണ്ടുവന്ന ഭേദഗതി ബാധകമാകും.
അടുത്തവര്‍ഷമേ ഇനി വിജ്ഞാപനത്തിന് സാധ്യതയുള്ളൂ. സ്പെഷല്‍ റൂള്‍സ് ഭേദഗതി നേരത്തെ ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കിയിട്ടുണ്ട്. പുതിയ വിജ്ഞാപനം വരുന്നതോടെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്ക് വരുന്നത് നിലക്കും.
നിലവില്‍ ഈ തസ്തികയുടെ പി.എസ്.സി പരീക്ഷ പാസാകുന്നവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന യോഗ്യതയുള്ളവരാണ്. ബിരുദമില്ലാത്തവര്‍ക്ക് മത്രമേ അപേക്ഷ നല്‍കാനാകൂ എന്ന നിബന്ധന ഒട്ടേറെ പേര്‍ക്ക് അവസരം നഷ്ടമാക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
എല്‍.ഡി ക്ളര്‍ക്ക് ആയി സ്ഥാനക്കയറ്റം ലഭിക്കാനും നിശ്ചിതശതമാനം ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. പല തസ്തികകളിലും പ്രവൃത്തിപരിചയവും ബാധകമാക്കിയിട്ടുണ്ട്.അഞ്ചുവര്‍ഷം വരെയാണ് പലവകുപ്പുകളിലും നിശ്ചയിച്ചിരിക്കുന്നത്.
ഏതാനും തസ്തികയുടെ യോഗ്യത പത്താം ക്ളാസായി നിശ്ചയിച്ചപ്പോള്‍ പത്താം ക്ളാസ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ മറ്റ് ചിലതിലുണ്ട്.
സെക്രട്ടേറിയറ്റിലെയും മരാമത്തിലെയും ഗാര്‍ഡനര്‍ക്കും പ്രസുകളില്‍ പായ്ക്കര്‍ തസ്തികക്കും സ്ഥാനക്കയറ്റത്തിന് അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.