സാക്കിര്‍ നായിക്കിനെ തീവ്രവാദിയായി മുദ്രകുത്തുന്നു -മുസ്ലിം ലീഗ്

കോഴിക്കോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സാകിര്‍ നായികിനെ തീവ്രവാദ മുദ്രകുത്തി വേട്ടയാടരുതെന്ന് മുസ്ലിം ലീഗ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഏതാനും കേന്ദ്രമന്ത്രിമാരും ഈ വിഷയത്തില്‍ നടത്തിയ പ്രസ്താവന ഉത്കണ്ഠയുളവാക്കുന്നതാണെന്നും സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
സ്വതന്ത്രമായ ആശയ പ്രചാരണത്തെ അസാധ്യമാക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്‍െറ നീക്കമാണിത്. ഭരണഘടനയില്‍ വിശ്വാസമുള്ള എല്ലാവരും ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ബി.ജെ.പി സര്‍ക്കാറിന്‍െറ അസഹിഷ്ണുതയുടെ മറ്റൊരു പതിപ്പാണിതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ലോകപ്രശസ്ത പണ്ഡിതനായ ഇദ്ദേഹം തീവ്രവാദത്തെ ശക്തമായി എതിര്‍ത്തയാളാണ്. മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. തീവ്രവാദത്തെ എതിര്‍ത്ത് സാകിര്‍ നായിക് നടത്തിയ പ്രഭാഷണവും മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിച്ചു.

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെയും പ്രമേയം പാസാക്കി. ശരീഅത്ത് നിയമങ്ങള്‍ രാഷ്ട്രീയ പ്രേരിതമായി ഭേദഗതിചെയ്യാന്‍ കഴിയില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജൂലൈ 21ന് ദേശീയ കമ്മിറ്റി ന്യൂഡല്‍ഹിയില്‍ ചേരും.

ഐ.എസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഗൗരവമേറിയതാണ്. യുവാക്കളെ വഴിതെറ്റിക്കാന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.