മലയാളികളെ കാണാതായ സംഭവത്തിൽ മുസ് ലിം വിരുദ്ധ വികാരം ഉണ്ടാക്കാൻ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികളെ കാണാതായ സംഭവത്തിൽ മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മുസ് ലിങ്ങളെയാകെ സംശയത്തിന്‍റെ പുകമറയിൽ നിർത്താനാണ് ചിലർ ശ്രമിക്കുന്നത്. സ്ഥാപിത താൽപര്യക്കാർ സാഹചര്യം മുതലാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇത് അനുവദിക്കില്ല.  ഭീകരവാദത്തിന് മതംഅടിസ്ഥാനമല്ലെന്നും പിണറായി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ നിലപാട് അറിയിച്ചത്.  

സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാനത്ത് നിന്ന് ഇത്തരത്തിൽ 21 പേരെയാണ് കാണാതായിട്ടുള്ളത്. 17 പേരെ കാസർകോട് നിന്നും 4 പേരെ പാലക്കാട്ട് നിന്നുമാണ് കാണാതായതെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്ത് നിന്നും കാണാതായവർ ഐ.എസ് ക്യാമ്പിലെത്തിയതായി സംശയമുണ്ടെന്നും  മുഖ്യമന്ത്രി പറഞ്ഞു. കാണാതായ കാസർകോട് സ്വദേശി ഫിറോസ് ഖാൻ മുംബൈയിൽ പിടിയിലായതായി വിവരം ലഭിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതായ മലയാളികളെല്ലാം ഐ.എസില്‍ ചേര്‍ന്നെന്ന വാര്‍ത്ത വിശ്വസനീയമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പരിഹരിക്കും വിധം മുഖ്യമന്ത്രി ഇടപെടണം. സംസ്ഥാന സര്‍ക്കാരിന് പുറത്തുപറയാവുന്ന കാര്യങ്ങള്‍ സഭയേയും ജനങ്ങളേയും അറിയിക്കണമെന്നും ആശയക്കുഴപ്പം പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.