തൃശൂർ: ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചലനമുണ്ടാക്കാതെ പി.വി. അൻവർ എം.എൽ.എയുടെ പാർട്ടി. അൻവർ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ)യുടെ സ്ഥാനാർഥി എൻ.കെ. സുധീറിന് മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ 1025 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ചേലക്കരയിൽ നിലവിൽ 7275 വോട്ടിന്‍റെ ലീഡുമായി എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപാണ് മുന്നിലുള്ളത്.
സ്വതന്ത്രനായി ഓട്ടോറിക്ഷ ചിഹ്നത്തിലാണ് എന്‍.കെ. സുധീര്‍ ചേലക്കരയിൽ മത്സരിച്ചത്. ആദ്യ റൗണ്ടിൽ 325 വോട്ട് മാത്രമാണ് സുധീറിന് നേടാനായത്. യു.ആർ. പ്രദീപ് 6110 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് 4220 വോട്ടും എൻ.ഡി.എയുടെ കെ. ബാലകൃഷ്ണൻ 2504 വോട്ടുമാണ് ആദ്യ റൗണ്ടിൽ നേടിയത്. രണ്ടാം റൗണ്ടിൽ സുധീർ ആകെ വോട്ടുകൾ 538 ആയി വർധിപ്പിച്ചു.
സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞാണ് നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഡി.എം.കെ രൂപീകരിച്ചത്. തുടർന്ന്, സംഘടനയുടെ ശക്തി തെളിയിക്കുന്നതിന് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുകയായിരുന്നു. എന്നാൽ, പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ സ്ഥാനാർഥി എം.എം. മിൻഹാജിനെ പിൻവലിച്ചിരുന്നു.
ചേലക്കരയിൽ അൻവറിന്‍െ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണ് നടത്തിയത്. ഇടതുപക്ഷത്തിനും സംസ്ഥാന സർക്കാറിനുമെതിരെ രൂക്ഷവിമർശനമാണ് അൻവർ പ്രചാരണത്തിലുടനീളം ഉയർത്തിയത്. നിശബ്ദ പ്രചാരണത്തിനിടെ വാർത്താസമ്മേളനം നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചട്ടം ലംഘിച്ചതിന് അൻവറിന് നോട്ടിസ് നൽകിയ സംഭവവുമുണ്ടായി. ചേലക്കരയിൽ ഡി.എം.കെ സ്ഥാനാർഥിക്ക് വോട്ടുകൾ കുറയുന്നത് അൻവറിന് രാഷ്ട്രീയമായി തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.