ഷുക്കൂര്‍ വധം: ഹൈകോടതിയില്‍ സി.ബി.ഐ കേസ് ഡയറി ഹാജരാക്കി

കൊച്ചി: കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട കേസ് ഡയറി സി.ബി.ഐ ഹൈകോടതിക്ക് കൈമാറി. അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയുമടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജിയുമായി ബന്ധപ്പെട്ടാണ് കേസ് ഡയറിയടക്കം നാല് രേഖകള്‍ സി.ബി.ഐ കൈമാറിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കും തിരിച്ചും, ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്കും അയച്ച കത്തുകളുടെ പകര്‍പ്പുള്‍പ്പെടെയുള്ള രേഖകളാണ് കോടതി നിര്‍ദേശപ്രകാരം സമര്‍പ്പിച്ചത്. ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്ന നിര്‍ദേശത്തോടെ ഇവ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് രജിസ്ട്രിയിലേക്ക് വിട്ടു. പി. ജയരാജനും ടി.വി. രാജേഷിനും പുറമെ മൊറാഴ കാപ്പാടന്‍ പ്രകാശ്, കെ.വി. ഷാജി എന്നിവരാണ് ഹരജി നല്‍കിയത്. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിനുള്ള സിംഗ്ള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്നീട് സി.ബി.ഐയുടെ തുടരന്വേഷണമുണ്ടായത്. സി.ബി.ഐ അന്വേഷണം നാലുമാസം മുമ്പ് ആരംഭിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കേസ് ഡയറി സി.ബി.ഐക്ക് കൈമാറിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.