മലബാര്‍ സിമന്‍റ്സ് എം.ഡി നിയമനം അന്വേഷിക്കാന്‍ ഉത്തരവ്

തൃശൂര്‍: മലബാര്‍ സിമന്‍റ്സ് കമ്പനി മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാറിന്‍െറ നിയമനത്തില്‍ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മാധ്യമ പ്രവര്‍ത്തകന്‍ റിയാസ് കുട്ടമശേരിയുടെ ഹരജിയിലാണ് വിജിലന്‍സ് കോടതിയുടെ നടപടി. പത്മകുമാറിന് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ളെന്നും നടപടിക്രമം പാലിക്കാതെയാണ് സര്‍വിസില്‍ തുടരുന്നതെന്നുമുള്ള പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാണ് ത്വരിതാന്വേഷണത്തിന് ജഡ്ജി സി. ജയചന്ദ്രന്‍ ഉത്തരവിട്ടത്. വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റിനാണ് അന്വേഷണ ചുമതല. ആഗസ്റ്റ് 31നകം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

പൊതുമേഖല പുനസംഘടനാ ഓഡിറ്റ് ബോര്‍ഡ് (ആര്‍.ഐ.എ.ബി) സെക്രട്ടറിയായി പ്രവര്‍ത്തിക്കെയാണ് പത്മകുമാറിനെ മലബാര്‍ സിമന്‍റ്സ് എം.ഡിയായി നിയമിച്ചത്. ഈ രണ്ട് തസ്തികകളിലും നിയമിക്കാനുള്ള യോഗ്യത പത്മകുമാറിനില്ളെന്നാണ് പരാതിക്കാരന്‍െറ വാദം. മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം പാലിച്ചിട്ടില്ല.

പത്മകുമാര്‍ ആര്‍.ഐ.എ.ബി സെക്രട്ടറിയായിരിക്കെ യോഗ്യത സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്‍െറ ലംഘനമാണ് അദ്ദേഹത്തിന്‍െറതന്നെ നിയമനം. 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇല്ല. പത്മകുമാറിന് വേണ്ടത്ര യോഗ്യതയില്ളെന്ന് കാണിക്കാന്‍ അദ്ദേഹം സമര്‍പ്പിച്ച ബയോഡാറ്റയുടേയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പുകളും ഹരജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി.ഉദ്യോഗത്തിലിരിക്കെ ജോലി രാജിവെച്ചാണ് പത്മകുമാര്‍ എം ഫില്ലിന് ചേര്‍ന്നത്. പഠനശേഷം പുനര്‍നിയമനം നല്‍കി. അപ്പോഴും യോഗ്യത പരിഗണിക്കുകയോ നടപടിക്രമം പാലിക്കുകയോ ചെയ്തില്ല.

അധ്യാപക തസ്തിക അല്ലാതിരുന്നിട്ടും യു.ജി.സി ശമ്പള സ്കെയിലില്‍ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നുവെന്നും പത്മകുമാറിന്‍െറ അനധികൃത നിയമനവുമായി ബന്ധപ്പെട്ടവര്‍ ആരൊക്കെയെന്ന് അന്വേഷണത്തില്‍ കണ്ടത്തെി പ്രതി ചേര്‍ക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെ എട്ട് കേസുകള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയിലുണ്ട്. പത്മകുമാര്‍ പ്രതി ചേര്‍ക്കപ്പെടുന്ന അഞ്ചാമത്തെ കേസാണിത്. ഫൈ്ള ആഷ് ഇറക്കുമതി, ഡീലര്‍ഷിപ്, സിമന്‍റ് വില്‍പന ഏജന്‍സികള്‍ക്ക് ഇളവുകള്‍ നല്‍കിയ ഇനത്തില്‍ നഷ്ടമുണ്ടാക്കിയത് ഉള്‍പ്പെടെയുള്ള കേസുകളിലാണ് കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.