മൈസൂരുവിനടുത്ത് മലയാളി  യുവാക്കള്‍ക്കു നേരെ ആക്രമണം

കല്‍പറ്റ: കൊടുവള്ളി രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ക്കുനേരെ ബംഗളൂരുവിനും മുത്തങ്ങക്കുമിടയില്‍ ആക്രമണം വര്‍ധിക്കുന്നു. കുഴല്‍പ്പണ, സ്വര്‍ണ ഇടപാടുകാരില്‍നിന്ന് പണം തട്ടുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൊടുവള്ളി മേഖലയില്‍നിന്നുള്ള വാഹനങ്ങള്‍ക്കു നേരെ ദേശീയപാത 212ല്‍ സംഘടിതമായ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍നിന്ന് ബംഗളൂരു വിമാനത്താവളത്തിലിറങ്ങി നാട്ടിലേക്ക് മടങ്ങുകയായിരുന്ന നാലു യുവാക്കള്‍ക്കു നേരെ ഇത്തരത്തില്‍ ആക്രമണമുണ്ടായി. 15ഓളം മലയാളി യുവാക്കളടങ്ങുന്ന സംഘമാണ് ഇവര്‍ സഞ്ചരിച്ച വാഹനം അര്‍ധരാത്രി മൈസൂരുവിനടുത്ത് ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.

ബംഗളൂരുവില്‍ വിമാനമിറങ്ങിയ യുവാക്കളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനായി വാഹനവുമായി സുഹൃത്ത് എയര്‍പോര്‍ട്ടിലത്തെിയിരുന്നു. ഇന്നോവ കാറില്‍ അവിടെനിന്ന് മൈസൂരുവിലത്തെുന്നതിന് 10 കിലോമീറ്റര്‍ മുമ്പാണ് കൊടുവള്ളി സ്വദേശികളായ യുവാക്കള്‍ ആക്രമിക്കപ്പെട്ടത്. രണ്ടു വാഹനങ്ങളില്‍ ഹോക്കി സ്റ്റിക്കും കത്തികളും ജാക്കി ലിവറുകളുമൊക്കെയായി എത്തിയ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി നാലുപേരെ പുറത്താക്കി ഒരാളെ അതില്‍ ഇരുത്തി വാഹനം ഓടിച്ചുപോവുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ആളോട് എവിടെയാണ് പണം ഒളിപ്പിച്ചുവെച്ചത്, സ്വര്‍ണവും പണവും എവിടെയാണ് തുടങ്ങിയ ചോദ്യങ്ങളായിരുന്നു. ഒടുവില്‍ കുഴല്‍പ്പണ-സ്വര്‍ണ ഇടപാടുകാരല്ളെന്ന് മനസ്സിലായതോടെ വാഹനം കുടക് റൂട്ടില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് മലയാളികള്‍ മൈസൂരു മെടഗള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് മെടഗള്ളി പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രതികളില്‍ ചിലര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന. 

വിമാനത്താവളത്തില്‍നിന്നുതന്നെ വാഹനങ്ങള്‍ നിരീക്ഷിച്ച് ഒരു സംഘം വിവരം നല്‍കിയതിനു ശേഷം വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയാണ് രീതി. പലരും പരാതിപ്പെടാന്‍ മടിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ പുറത്തറിയാത്തതത്രെ. കുഴല്‍പ്പണ ലോബിയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ കൊലപാതകമടക്കമുള്ള സംഭവങ്ങള്‍ ഈ റൂട്ടില്‍ നേരത്തേ ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.