ഡിഫ്തീരിയക്ക് പിന്നാലെ കോളറയും: മലപ്പുറത്ത് ആരോഗ്യവകുപ്പിന് കടുത്ത വെല്ലുവിളി

മലപ്പുറം: ഡിഫ്തീരിയക്ക് പിന്നാലെ കോളറയും സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയില്‍ ആരോഗ്യവകുപ്പ് നേരിടുന്നത് കടുത്ത പ്രതിസന്ധി. ആവശ്യത്തിന് ജീവനക്കാരോ പര്യാപ്തമായ ആരോഗ്യസംവിധാനങ്ങളോ ഇല്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ജെ.പി.എച്ച്.എന്‍ മുതല്‍ ഡോക്ടര്‍ വരെയുള്ള തസ്തികകള്‍ പലയിടത്തും ഒഴിഞ്ഞുകിടക്കുകയാണ്.

ഡിഫ്തീരിയ ബാധിത പ്രദേശങ്ങളില്‍ ഊര്‍ജിത കുത്തിവെപ്പ് കാമ്പയിന്‍ നടത്തിവരവെയാണ് കുറ്റിപ്പുറത്ത് നാലുപേര്‍ക്ക് കോളറ സ്ഥിരീകരിക്കുന്നത്. കുത്തിവെപ്പ് പ്രചാരണത്തിന്‍െറ ചുക്കാന്‍ പിടിക്കുന്ന ഡെപ്യൂട്ടി ഡി.എം.ഒമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോളറയുടെ പിന്നാലെ പോകേണ്ടി വന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ ജില്ലാ ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം കുറ്റിപ്പുറത്തായിരുന്നു. കോളറക്കും ഡിഫ്തീരിയക്കും പുറമെ വയറിളക്കവും ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും ജില്ലയില്‍ പടരുകയാണ്. ആശുപത്രികളില്‍ വലിയ തിരക്കാണ് ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഡിഫ്തീരിയ കാമ്പയിന്‍െറ തിരക്കില്‍ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും ഒരുമിച്ച് നടത്തേണ്ട മഴക്കാല ശുചീകരണം ജില്ലയില്‍ കാര്യക്ഷമമായി നടന്നിട്ടില്ല. ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണ് കോളറ എന്നതിനാല്‍ മാലിന്യസംസ്കരണത്തിന്‍െറയും ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും അഭാവമാണ് രോഗകാരണമെന്ന് വ്യക്തമാണ്. രോഗബാധിത പ്രദേശത്തുനിന്ന് കുടിവെള്ള സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ടെങ്കിലും രോഗസ്രോതസ്സ് ഉടന്‍ കണ്ടത്തെലാണ് ആരോഗ്യവകുപ്പിന് മുന്നിലെ വലിയ വെല്ലുവിളി. ഇത് വൈകുംതോറും രോഗം വ്യാപിക്കാനുള്ള സാധ്യത കൂടും.

അതിനിടെ താനാളൂര്‍ സ്വദേശിക്ക് കോളറയെന്ന് സംശയം. ചികിത്സയിലുള്ള ഇയാളുടെ മലപരിശോധനയിലാണ് രോഗലക്ഷണം കണ്ടത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.