‘ഓപറേഷന്‍ വാളയാര്‍’ പുനരാരംഭിക്കാന്‍ മന്ത്രി തോമസ് ഐസക്

പാലക്കാട്: അഞ്ച് വര്‍ഷത്തെ ഇടവേളക്കുശേഷം ‘ഓപറേഷന്‍ വാളയാര്‍’ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് വാളയാര്‍ വാണിജ്യനികുതി ചെക്പോസ്റ്റിലത്തെി. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. നിലവിലെ യാര്‍ഡും സംയോജിത ചെക്പോസ്റ്റിനായി കണ്ടത്തെിയ സ്ഥലവും അദ്ദേഹം പരിശോധിച്ചു. ഉദ്യോഗസ്ഥരുമായും ഭൂവുടമകളുമായും കൂടിയാലോചിച്ച് വിശദമായ കര്‍മപദ്ധതി ആവിഷ്കരിച്ചാണ് മന്ത്രി മടങ്ങിയത്.
ആധുനിക രീതിയിലുള്ള സംയോജിത ചെക്പോസ്റ്റ് സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നിലവിലെ സ്ഥലം അപര്യാപ്തമാണ്. ചെക്പോസ്റ്റിനായി കണ്ടത്തെിയ 15 ഏക്കര്‍ സ്ഥലം നിയമകുരുക്കുകള്‍ പരിഹരിച്ച് താമസംകൂടാതെ ഏറ്റെടുക്കും. ഇതോടൊപ്പം വനഭൂമി വിട്ടുകിട്ടുന്നതിന് നടപടി തുടങ്ങും. അതുവരെ നിലവിലെ ചെക്പോസ്റ്റിന് പിറകുവശത്തായി ലീസിന് സ്വകാര്യഭൂമി ലഭ്യമാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതുപയോഗിച്ച് യാര്‍ഡ് വിപുലീകരിച്ച് വാഹനക്കുരുക്ക് ക്രമീകരിക്കാമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 68 ജീവനക്കാരുണ്ടായിരുന്ന വാളയാറില്‍ നിലവില്‍ 44 പേര്‍ മാത്രമേയുള്ളൂ. ജീവനക്കാരുടെ എണ്ണം ഉടന്‍ വര്‍ധിപ്പിക്കും. ചെക്പോസ്റ്റിന് പുറത്തുള്ള പരിശോധനക്ക് രണ്ട് വാണിജ്യനികുതി സ്ക്വാഡുകള്‍ സജ്ജമാക്കും. ‘ഓപറേഷന്‍ വാളയാര്‍’ പുനരാരംഭിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം വിളിക്കും. കൊച്ചിയിലേക്കുള്ള ചരക്കുവരവ് കുറയാന്‍ പ്രധാനകാരണം വാളയാറിലെ ഗതാഗതക്കുരുക്കാണ്. കൊച്ചിക്ക് പകരം തൂത്തുക്കുടി, മംഗലാപുരം തുറമുഖങ്ങള്‍ വഴിയാണ് ചരക്ക് കയറ്റുമതി ചെയ്യപ്പെടുന്നത്. ഇത് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. സംയോജിത ചെക്പോസ്റ്റിന് 100 കോടി രൂപയോളം ചെലവുവരും. രണ്ട് വര്‍ഷത്തിനകം ഇത് യാഥാര്‍ഥ്യമാക്കാമെന്നാണ് പ്രതീക്ഷ. സംയോജിത ചെക്പോസ്റ്റില്‍ എക്സൈസ് പരിശോധനക്ക് സ്കാനിങ് യന്ത്രം സ്ഥാപിക്കും. ഇതിന് 30 കോടിയോളം ചെലവുണ്ട്. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് വകുപ്പുമന്ത്രിയുമായി കൂടിയാലോചന നടത്തും.
ചെക്പോസ്റ്റില്‍ വാഹനങ്ങളുടെ റാന്‍ഡം പരിശോധന നടത്തും. എറ്റവും ആധുനികമായ സംവിധാനം വിവിധ ചെക്പോസ്റ്റുകളിലെ പരിശോധനക്ക് ഏര്‍പ്പെടുത്തുന്നതോടെ അഴിമതിസാധ്യത വളരെ കുറയുമെന്ന് തോമസ് ഐസക് പറഞ്ഞു. വാണിജ്യനികുതി കമീഷണര്‍ രാജന്‍ ഖൊബ്രഗഡേ, ഡെപ്യൂട്ടി കമീഷണര്‍ വിജയലക്ഷ്മി, അസി. കമീഷണര്‍ വി. ശൈലേന്ദ്രന്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.