തിരുവനന്തപുരം: പുകയില ഉല്‍പന്നങ്ങളുടെ കവറുകളില്‍ വലിയ സചിത്ര മുന്നറിയിപ്പുകള്‍ നല്‍കണമെന്ന ‘കോറ്റ്പ’ നിയമത്തിലെ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാന്‍ ഉത്തര-ദക്ഷിണ മേഖലാ എ.ഡി.ജി.പിമാര്‍ക്കും റെയ്ഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ എസ്.ഐമാരുടെ പരിശീലനത്തില്‍ ‘കോറ്റ്പ’ ഒരു വിഷയമായി ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
2003ലെ നിയമപ്രകാരം, 2014ല്‍ രൂപം നല്‍കിയ സചിത്ര മുന്നറിയിപ്പ് ചട്ടങ്ങള്‍ 2016 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് ഇന്ത്യയില്‍ ഉല്‍പാദനമോ വിതരണമോ വില്‍പനയോ നടത്തുന്ന എല്ലാത്തരം പുകയില ഉല്‍പന്നങ്ങളുടെയും കവറില്‍ പ്രധാന പ്രദര്‍ശന സ്ഥലത്തിന്‍െറ 85 ശതമാനം വരുന്ന തരത്തില്‍ പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള സചിത്ര മുന്നറിയിപ്പുകള്‍ നല്‍കണം.
എന്നാല്‍, സചിത്ര മുന്നറിയിപ്പുകള്‍ ഇല്ലാത്ത നിരവധി ഉല്‍പന്നങ്ങള്‍ ഇപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് കണ്ടതിനത്തെുടര്‍ന്നാണ് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയത്. മുന്നറിയിപ്പില്ലാത്ത പുകയില ഉല്‍പന്നങ്ങള്‍ മാറ്റി പകരം നിയമപ്രകാരമുള്ള സചിത്ര മുന്നറിയിപ്പോടുകൂടിയവ ലഭ്യമാക്കാന്‍ വ്യാപാരികള്‍ക്ക് രണ്ടുദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം, നിയമപ്രകാരമല്ലാത്ത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ടോയെന്ന് പരിശോധന നടത്താനും കണ്ടത്തെിയാല്‍ പിടിച്ചെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെ സഹായം തേടുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.