മഅ്ദനിയുടെ മോചനം: പി.ഡി.പി ഐക്യദാര്‍ഢ്യറാലി ആഗസ്റ്റ് 17ന്

കോഴിക്കോട്: കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണകൂടം മഅ്ദനിയെ ബംഗളൂരുവിലിട്ട് കൊല്ലാക്കൊല ചെയ്യുകയാണെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരിക്കുകയായിട്ടുപോലും മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഭരണകൂടങ്ങള്‍ തയാറാകുന്നില്ല. കര്‍ണാടകയിലെ തീവ്രഹൈന്ദവ വോട്ടുകള്‍ സ്വന്തമാക്കുന്നതിനായുള്ള കോണ്‍ഗ്രസിന്‍െറ തന്ത്രമാണിത്.
മഅ്ദനിക്ക് നീതി ലഭിക്കാനായി രാഹുല്‍ ഗാന്ധിയുള്‍പ്പെടെ കോണ്‍ഗ്രസിന്‍െറ കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെടണം. സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് മഅ്ദനിക്ക് നീതി ലഭിക്കാന്‍ വേണ്ട സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
മഅ്ദനി ജയിലില്‍ കഴിയുന്നതിന്‍െറ ആറുവര്‍ഷം തികയുന്ന ആഗസ്റ്റ് 17ന് വൈകീട്ട് മൂന്നിന് ‘മഅ്ദനിയെ സ്വതന്ത്രനാക്കൂ കോണ്‍ഗ്രസേ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഐക്യദാര്‍ഢ്യറാലി അരയിടത്തുപാലത്ത് നിന്ന് മുതലക്കുളം മൈതാനി വരെ നടത്തുമെന്നും പൂന്തുറ സിറാജ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മത്തേര്‍, സെക്രട്ടറി റസല്‍ നന്തി എന്നിവരും പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.