ഓണത്തിന് സുരക്ഷിത പച്ചക്കറി: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പാളി

തൃശൂര്‍: ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി കൃഷി ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പാളി. മാസം ഒന്ന് പിന്നിട്ടിട്ടും സംസ്ഥാനത്ത് ആകെ നടന്നത് 517 രജിസ്ട്രേഷന്‍ മാത്രം. പ്രതീക്ഷിച്ചതിന്‍െറ പകുതിപേര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല. താഴത്തെട്ടിലുള്ള കര്‍ഷകരെയോ കര്‍ഷക സംഘങ്ങളെയോ ഇതുസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കാനോ രജിസ്റ്റര്‍ ചെയ്യിക്കാനോ നടപടി ഉണ്ടാകാത്തതാണ് കാരണം. കൃഷിഭവനുമായി ബന്ധപ്പെടാന്‍ പത്രങ്ങളിലൂടെ നല്‍കിയ അറിയിപ്പുകളല്ലാതെ മറ്റ് പ്രചാരണങ്ങള്‍ ഒന്നും നടത്തിയില്ല.

പച്ചക്കറി കൃഷിചെയ്യുന്ന കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, പച്ചക്കറി വികസന പദ്ധതി പ്രകാരം ഒരു ആനുകൂല്യവും ലഭിക്കാത്ത കര്‍ഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമഗ്ര പച്ചക്കറികൃഷി വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ രജിസ്ട്രേഷന്‍ തുടങ്ങിയത്. കൃഷി ചെയ്യുന്ന എല്ലാ കര്‍ഷകരെയും കൂട്ടായ്മകളെയും പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടി ആരംഭിക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ജൂലൈ അഞ്ചിനകം നടപടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് അയക്കാനായിരുന്നു നിര്‍ദേശം.

കൃഷിമന്ത്രിയുടെ നാടായ തൃശൂരില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് രണ്ടുപേര്‍ മാത്രമാണ്. കൃഷി പ്രധാന തൊഴിലായ ഇടുക്കിയില്‍ രജിസ്റ്റര്‍ ചെയ്തതാകട്ടെ നാലുപേര്‍. വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് 20 പേര്‍. പദ്ധതിയിലേക്ക് കൂടുതല്‍പേര്‍ രജിസ്റ്റര്‍ ചെയ്തത് കൊല്ലത്താണ്,142 പേര്‍. തിരുവനന്തപുരം 36, കോഴിക്കോട് 100, പത്തനംതിട്ട 20, ആലപ്പുഴ 39, കോട്ടയം 36, എറണാകുളം 11, പാലക്കാട് 14, മലപ്പുറം 22, കണ്ണൂര്‍ 25, കാസര്‍കോട് 46 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രജിസ്ട്രേഷന്‍. ഓണക്കാലത്ത് കുതിച്ചുയരുന്ന പച്ചക്കറിവില നിയന്ത്രിക്കാനും കീടനാശിനി പ്രയോഗിച്ച പച്ചക്കറി തടയാനും ലക്ഷ്യമിട്ടാണ് ഒറ്റക്ക് കൃഷിചെയ്യുന്ന കര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി രജിസ്ട്രേഷന്‍ നടത്താന്‍ തീരുമാനിച്ചത്. ജൂണിലാണ് പദ്ധതി തയാറാക്കിയത്.

അതേസമയം, രജിസ്റ്റര്‍ ചെയ്തവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയതായി കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി ലഭിച്ച അപേക്ഷകള്‍ അതത് പഞ്ചായത്തിലെ കൃഷി ഓഫിസര്‍മാര്‍ക്ക് പരിഗണനക്കായി അയച്ചുകൊടുക്കും. ഇവര്‍ക്ക് സാങ്കേതിക സഹായങ്ങളും ലഭ്യമാക്കും. ഹെക്ടറിന് 10,000 രൂപവരെ ആനുകൂല്യങ്ങളും ലഭിക്കും. രജിസ്ട്രേഷന്‍ നടപടികള്‍ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഓണക്കാലത്ത് പച്ചക്കറിക്ക് കൃത്രിമക്ഷാമം ഉണ്ടാകുകയും വില കുത്തനെ ഉയരുകയും ചെയ്യാറുണ്ട്.   കഴിഞ്ഞ ഓണക്കാലത്ത് വിലവര്‍ധന ഒരളവുവരെ തടയാനായി. എന്നാല്‍, ഇവര്‍ക്ക് കൃഷിക്ക് സഹായമോ മറ്റുസൗകര്യങ്ങളോ കിട്ടിയിരുന്നില്ല. ഇതുകൂടി പരിഗണിച്ചായിരുന്നു കൃഷി വകുപ്പിന്‍െറ നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.