നിയമോപദേശക പദവി എം.കെ. ദാമോദരൻ ഏറ്റെടുക്കില്ല

കൊച്ചി: ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിയമോപദേശകനാകില്ല. നിയമോപദേശകനായി നിയമിച്ചെങ്കിലും ഇതുവരെ പദവി സ്വീകരിച്ചിട്ടില്ളെന്നും സ്വീകരിക്കാന്‍ താല്‍പര്യമില്ളെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. ഭരണഘടനാ പദവിയുള്ള അഡ്വക്കറ്റ് ജനറല്‍ ഉണ്ടായിരിക്കെ അതിനുമുകളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി അഡ്വ. എം.കെ. ദാമോദരനെ നിയമിച്ചത് ചോദ്യം ചെയ്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്‍െറ വിശദീകരണം. ഇത് രേഖപ്പെടുത്തിയ ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജി 21ന് പരിഗണിക്കാന്‍ മാറ്റി. ദാമോദരന്‍ ഒഴിവായെങ്കിലും ഉത്തരവുപ്രകാരം നിയമോപദേശകന്‍െറ പദവി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിന്‍െറ സാധുതയാകും കോടതി പരിശോധിക്കുക.

ഏതുസര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും രേഖകളും ഫയലുകളും വിളിച്ചുവരുത്താനും നിര്‍ദേശങ്ങള്‍ തേടാനും നല്‍കാനും മുഖ്യമന്ത്രിയുടെ ഉപദേശകന്‍ എന്ന ഒൗദ്യോഗിക പദവി വഹിക്കുന്നതിലൂടെ കഴിയുമെന്നും ഇത് സര്‍ക്കാര്‍ വാദിയായ കേസുകള്‍ അട്ടിമറിക്കാനിടയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കുമ്മനം കോടതിയെ സമീപിച്ചത്. അഡ്വക്കറ്റ് ജനറലിനെ നോക്കുകുത്തിയാക്കി നിയമവിഷയങ്ങളില്‍ സമാന്തര അധികാരകേന്ദ്രം ഉണ്ടാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടിട്ടുള്ളതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പരിഗണനക്ക് എത്തിയപ്പോള്‍, ജൂണ്‍ ഒമ്പതിന് ദാമോദരനെ നിയമോപദേശകനായി നിയമിച്ച് ഉത്തരവിട്ടതായി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കെ.കെ. രവീന്ദ്രനാഥ് സര്‍ക്കാറിനുവേണ്ടി കോടതിയെ അറിയിച്ചു. എന്നാല്‍, ഒരുമാസവും പത്ത് ദിവസവും കഴിഞ്ഞിട്ടും അദ്ദേഹം പദവി ഏറ്റെടുത്തിട്ടില്ല. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ ഹരജി നിലനില്‍ക്കില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമിക്കപ്പെട്ടയാള്‍ ചുമതലയേല്‍ക്കാന്‍ തയാറല്ളെങ്കില്‍ ആ നിയമനത്തെ എങ്ങനെ ചോദ്യം ചെയ്യുമെന്ന് ആരാഞ്ഞ കോടതി, സര്‍ക്കാറിന്‍െറ വിശദീകരണം രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍, ദാമോദരന്‍ പദവി സ്വീകരിച്ചിട്ടില്ളെങ്കിലും അഡ്വക്കറ്റ് ജനറലിന് പുറമെ ഒൗദ്യോഗികമായ നിയമോപദേശകനെ നിയമിച്ച നടപടി നിലനില്‍ക്കുന്നതിനാല്‍ ഹരജി തുടര്‍ന്ന് പരിഗണിക്കണമെന്നായിരുന്നു ഹരജിക്കാരന്‍െറ അഭിഭാഷകന്‍െറ വാദം. ഒരാള്‍ നിയമോപദേശകനെ വെക്കുന്നതില്‍ എന്താണ് തെറ്റെന്നും അതില്‍ അപാകതയില്ളെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. പക്ഷേ എ.ജി ഉണ്ടെന്നിരിക്കെ മുഖ്യമന്ത്രിക്ക് മറ്റൊരു ഉപദേശകന്‍ നിയമപരമല്ളെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. എസ്. ഗോപകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ നിയമനം നടത്താന്‍ സര്‍ക്കാറിന് കഴിയില്ല.

നിയമകാര്യങ്ങളില്‍ എ.ജിക്ക് പുറമെ ഒൗദ്യോഗിക പദവിയോടെയുള്ള മറ്റൊരു അധികാരകേന്ദ്രത്തെ നിയമിക്കുന്നതിന് സാധുതയുണ്ടോ, പ്രോട്ടോകോള്‍ പ്രകാരം നിയമോപദേശകന്‍െറ സ്ഥാനമെന്ത്, എ.ജിയുടെ ഉപദേശത്തെ മറികടക്കാന്‍ നിയമോപദേശകനാകുമോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്ന ഹരജിയിലെ വാദം അഭിഭാഷകന്‍ ഉന്നയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തേടിയ കോടതി കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയത്.

മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിക്കപ്പെട്ടശേഷം അഡ്വ. എം.കെ. ദാമോദരന്‍ ലോട്ടറിക്കേസിലെ പ്രതി സാന്‍റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരായിരുന്നു. ഇത് വിവാദമായതിന് പിന്നാലെ വീണ്ടും രണ്ടുതവണ ഹാജരായി. പിന്നീട്, കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹരജിയില്‍ ഐ.എന്‍.ടി.യു.സി നേതാവ് ആര്‍. ചന്ദ്രശേഖരനുവേണ്ടി ദാമോദരന്‍െറ ഓഫിസില്‍നിന്നാണ് ഹാജരായത്. സര്‍ക്കാര്‍ എതിര്‍കക്ഷിയായ ഈ ഹരജിക്കുപുറമെ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണമെന്ന സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരെ ക്വാറിയുടമക്കുവേണ്ടി അപ്പീല്‍ ഹരജിയിലും ദാമോദരന്‍െറ ഓഫിസ് വക്കാലത്ത് സ്വീകരിച്ചു. ഇതെല്ലാം വന്‍ വിവാദമായി കത്തിനില്‍ക്കുമ്പോഴാണ് കുമ്മനം രാജശേഖരന്‍ ഹരജിയുമായി സമീപിച്ചതും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.