ബാര്‍കേസില്‍ മാണിക്ക് വേണ്ടി ചട്ടവിരുദ്ധമായി പണം ചെലവഴിച്ചെന്ന് ഉപസമിതി

തിരുവനന്തപുരം: ബാര്‍കോഴ കേസ് നടത്തിപ്പിന് മുന്‍ ധനമന്ത്രി കെ.എം മാണിക്ക് വേണ്ടി യു.ഡി.എഫ് സര്‍ക്കാര്‍ പണം ചെലവഴിച്ചത് ചട്ടവിരുദ്ധമായാണെന്ന് മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍.  പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവന്നത് ഖജനാവിലെ പണം ചെലവഴിച്ചാണെന്നും ഇതിന് മന്ത്രിസഭ അനുമതി നല്‍കിയത് ചട്ടം ലംഘിച്ചാണ്. യു.ഡി.എഫ് സര്‍ക്കാറിന്‍റെ അവസാനകാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി എ.കെ.ബാലന്‍റെ അധ്യക്ഷതയിലുള്ള  ഉപസമിതിയുടേതാണ് വിലയിരുത്തല്‍.

നിയമവകുപ്പിന്‍റേയും ആഭ്യന്തര വകുപ്പിന്‍റേയും എതിര്‍പ്പ് മറികടന്നാണ് പണം അനുവദിച്ചത്. പുറത്തുനിന്ന് അഭിഭാഷരെ കൊണ്ടുവരുന്നത് ചട്ടവിരുദ്ധമാണെന്നും വന്‍പണച്ചെലവുണ്ടാകുമെന്നും നിയമവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് കേസില്‍ ഹാജരാകുന്നതിന് സുപ്രീംകോടതി അഭിഭാഷകനായ കബില്‍ സിബലിനെ കൊണ്ടുവന്നതെന്നും ഉപസമിതി കണ്ടത്തെിയിട്ടുണ്ട്.

അതേസമയം, ആരോപണം വാസ്തവിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് എം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേസില്‍ കെ.എം മാണിക്ക്  കോടതിയില്‍ നിന്നും സമന്‍സോ നോട്ടിസോ ലഭിച്ചിട്ടില്ല. അതിനാല്‍ ഖജനാവില്‍ നിന്നും പണം നല്‍കി കേസ് നടത്തേണ്ട സാഹചര്യമുണ്ടായിട്ടില്ളെന്നും കോരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരി വ്യക്തമാക്കി.

യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് കോളജുകള്‍ അനുവദിച്ചതിലും സ്കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കിയതും നിയമവിരുദ്ധമായാണെന്ന് മന്ത്രിസഭാ ഉപസമിതി നേരത്തെ കണ്ടത്തെിയിരുന്നു.
ജൂലൈ 31 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന തരത്തിലാണ് ഉപസമിതിയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. എ.കെ ബാലനെ കൂടാതെ  തോമസ് ഐസക്ക്, വി.എസ്. സുനില്‍കുമാര്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.