സംസ്ഥാനത്ത് പകുതി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പ്രിന്‍സിപ്പല്‍മാരില്ല

മഞ്ചേരി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍ നിയമനം അനിശ്ചിതത്വത്തില്‍. പകുതി സ്കൂളുകളിലും പ്രിന്‍സിപ്പല്‍മാരില്ല. മലപ്പുറത്ത് 87 സ്കൂളുകളുള്ളതില്‍ പകുതിയിലേറെ സ്കൂളുകളിലും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ക്ളര്‍ക്ക്, പ്യൂണ്‍, സ്വീപ്പര്‍ തുടങ്ങിയ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ നേരത്തേ തന്നെയില്ല.

രണ്ട് വര്‍ഷത്തിലധികമായി പ്രിന്‍സിപ്പല്‍ നിയമനം മുടങ്ങിക്കിടക്കുകയാണ്. നേരത്തേ നിയമനത്തിന് നടപടി തുടങ്ങിയിരുന്നെങ്കിലും ഒരു വിഭാഗം ട്രൈബ്യൂണലിനെ സമീപിച്ചതിനാല്‍ മുടങ്ങി. മുതിര്‍ന്ന അധ്യാപകരാണ് ഇപ്പോള്‍ ചുമതല വഹിക്കുന്നത്. പലയിടത്തും ഈ അധ്യയന വര്‍ഷാരംഭത്തിലെ സ്ഥലംമാറ്റത്തോടെ ചുമതലക്കാരായ അധ്യാപകര്‍ മാറിപ്പോയത് സ്ഥിതി പിന്നെയും വഷളാക്കി. പല സ്കൂളുകളിലും താരതമ്യേന സര്‍വിസ് കുറഞ്ഞവരും ജോലി പരിചയമില്ലാത്തവരും പ്രിന്‍സിപ്പല്‍ ചുമതല ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്.

സ്കൂളുകളില്‍ ക്ളര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ അനുവദിച്ച് ഉത്തരവിറങ്ങിയിട്ടുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ളെന്നും ജൂനിയര്‍ അധ്യാപകരുടെ സമയബന്ധിത സ്ഥാനക്കയറ്റം യാഥാര്‍ഥ്യമായിട്ടില്ളെന്നും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (എച്ച്.എസ്.എസ്.ടി.എ) സംസ്ഥാന വൈസ് പ്രസിഡന്‍റ് അബൂബക്കര്‍ സിദ്ദീഖ്, സംസ്ഥാന സെക്രട്ടറി ടി. വിജയന്‍, ടി.എസ്. ഡാനിഷ്, റോയിച്ചന്‍ ഡൊമിനിക്, സി. രഞ്ജിത്, വി. അബ്ദുസ്സമദ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.