കശാപ്പിന് കൊണ്ടുവന്ന പോത്തിടഞ്ഞു; നാലുപേര്‍ക്ക് പരിക്ക്

അടിമാലി: കശാപ്പിന് കൊണ്ടുവന്ന പോത്ത് അടിമാലി ടൗണില്‍ ഇടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോത്തിന്‍െറ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. അടിമാലി ടൗണില്‍ ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കൊന്നത്തടി അഞ്ചാംമൈല്‍ സ്വദേശിയായ നെല്ലികുന്നേല്‍ ബിജീഷ് (26), ഭാര്യ ഗീത (21), അടിമാലി കൊരങ്ങാട്ടി മരങ്ങാട്ടില്‍ വത്സ (55) അടിമാലി ചാറ്റുപാറയില്‍ കശാപ്പുകട നടത്തുന്ന അടിമാലി സ്വദേശി ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗീതയുടെ കാലിന് പൊട്ടല്‍ ഉണ്ട്. ഇവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരുമ്പാവൂരില്‍നിന്ന് വ്യാഴാഴ്ചയാണ് പോത്തിനെ കശാപ്പിന് കൊണ്ടുവന്നത്.

വെള്ളിയാഴ്ച രാവിലെ അറക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാജിയെ ആക്രമിച്ച് പോത്ത് സമീപത്തെ കാട്ടിലേക്ക് ഓടിക്കയറി.  
അന്നുമുതല്‍ ഇവര്‍ പോത്തിനായി അന്വേഷണത്തിലായിരുന്നു. ബുധനാഴ്ച രാവിലെ പത്തോടെ പോത്ത് അടിമാലി ബസ് സ്റ്റാന്‍ഡിന് സമീപം എത്തി. സമീപത്തെ തുണിക്കടയിലെ സെയില്‍സ് ഗേളായ ഗീത ഭര്‍ത്താവിനോടൊപ്പം കടയിലേക്ക് പോകുന്നതിനിടെ ടൗണില്‍വെച്ചാണ് ആക്രമണത്തിന് ഇരയായത്. ഭാര്യയെ രക്ഷിക്കുന്നതിനിടെ ബിജീഷിനെയും പോത്ത് ആക്രമിച്ചു.

അവിടെനിന്ന് സെന്‍ട്രല്‍ ജങ്ഷനിലേക്ക് ഓടുന്നതിനിടെയാണ് വത്സയെ അക്രമിച്ചത്. നാട്ടുകാര്‍ പിന്നാലെ കൂടിയതോടെ പോത്ത് ടൗണിലൂടെ ഒഴുകുന്ന ദേവിയാര്‍ പുഴയിലേക്ക് ചാടി. ഇതിനിടെ ഉടമസ്ഥരും നാട്ടുകാരും ചേര്‍ന്ന് പോത്തിനെ കുരുക്കിട്ട് കീഴ്പ്പെടുത്തി. സ്കൂള്‍ സമയം കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.