കായംകുളം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കായംകുളം എസ്.എന്‍.ഡി.പി യൂനിയന്‍െറ പരിധിയില്‍ നടന്ന ഒന്നരക്കോടിയോളം രൂപയുടെ മൈക്രോ ഫിനാന്‍സ് വായ്പയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് കേസിന് കാരണം.
വെള്ളാപ്പള്ളി നടേശനെ കൂടാതെ കായംകുളം യൂനിയന്‍ പ്രസിഡന്‍റ് വേലഞ്ചിറ സുകുമാരന്‍, സെക്രട്ടറി പ്രദീപ്ലാല്‍, മുന്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവരെയാണ് പ്രതികളാക്കിയിട്ടുള്ളത്. കണ്ടല്ലൂര്‍ 203ാം നമ്പര്‍ ശാഖയുടെ പരിധിയിലുള്ള സ്വയംസഹായ സംഘങ്ങള്‍ വ്യാഴാഴ്ച പരാതിയുമായി പൊലീസ് സ്റ്റേഷനിലത്തെിയതോടെയാണ് നേതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘങ്ങള്‍ യൂനിയന്‍ ഓഫിസില്‍ നല്‍കിയ തുക ബാങ്കില്‍ അടച്ചിട്ടില്ളെന്നാണ് ഇവര്‍ നല്‍കിയ പരാതി. യൂനിയന്‍ ഓഫിസില്‍ പണം അടച്ചവര്‍ക്ക് ബാങ്കില്‍നിന്ന് ജപ്തി നോട്ടീസുകള്‍ ലഭിച്ചതോടെയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.
നേരത്തേ എരുവ കിഴക്ക് വയല്‍വാരം സ്വയംസഹായ സംഘം നല്‍കിയ പരാതിയിലും ഇപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വയല്‍വാരം കൂടാതെ കീരിക്കാട് ഗുരുസായുജ്യം സംഘം, ആര്‍. ശങ്കര്‍ സ്മാരക സംഘം എന്നിവയുടെ ഭാരവാഹികളാണ് വ്യാഴാഴ്ച പരാതി നല്‍കിയത്. ചേരാവള്ളി 327ാം നമ്പര്‍ ശാഖയുടെ പരിധിയിലുള്ള മൈക്രോ ഫിനാന്‍സ് യൂനിറ്റുകളും നേരത്തേ പരാതിയുമായി രംഗത്ത് എത്തിയിരുന്നുവെങ്കിലും കേസ് എടുക്കാതെ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തിയത്. ഇവരുടെയും വയല്‍വാരം സംഘത്തിലും ഉള്‍പ്പെട്ട വനിതകള്‍ കായംകുളം യൂനിയന്‍ ഓഫിസ് ഉപരോധിച്ചുവെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞില്ല.
ചേരാവള്ളി ശാഖയുടെ പരിധിയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി മൈക്രോ ഫിനാന്‍സ് യൂനിറ്റ് ഭാരവാഹികള്‍ പറയുന്നു. ചേരാവള്ളി ഗുരുകാരുണ്യം യൂനിറ്റ് മൂന്നരലക്ഷം രൂപ ഐ.ഒ.ബി ശാഖയില്‍നിന്ന് യൂനിയന്‍ മുഖാന്തരം എടുത്തിരുന്നു. ശാഖയിലെ വനിത സംഘം ഭാരവാഹി മുഖാന്തരം പലിശയടക്കം 4,03,719 രൂപയും യൂനിയന്‍ ഓഫിസില്‍ അടച്ചു. എന്നാല്‍, യൂനിയന്‍ ഭാരവാഹികള്‍ മുഴുവന്‍ തുകയും യഥാസമയം ബാങ്കില്‍ അടച്ചില്ല. കുടിശ്ശികയുണ്ടെന്ന് കാട്ടി ബാങ്കില്‍നിന്ന് നോട്ടീസ് വന്നതോടെ ഭാരവാഹികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ യൂനിയന്‍ ഓഫിസ് ഉപരോധിച്ചു.
ഇതോടെ അന്നത്തെ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കി സമരം അവസാനിപ്പിക്കുകയായിരുന്നു. ഇവിടെ നല്‍കിയ ഉറപ്പ് പാലിക്കാതിരുന്നതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് ഇവര്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവരുടെയും അരുവിപ്പുറം യൂനിറ്റിന്‍െറയും ഒരുലക്ഷം രൂപ വീതം യൂനിയന്‍ നേതാക്കള്‍ ബാങ്കില്‍ അടച്ചു. എന്നാല്‍, ഇവരുടെ അമ്പതിനായിരത്തോളം രൂപ വീതം ഇനിയും ബാങ്കില്‍ അടക്കാനുണ്ടെന്ന് സംഘം ഭാരവാഹികള്‍ പറഞ്ഞു. ക്രമക്കേട് സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ കുടുതല്‍ സംഘങ്ങള്‍ പരാതിയുമായി എത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.