ജലമെട്രോ: വായ്പകരാറില്‍ ഒപ്പുവെച്ചു

കൊച്ചി: മെട്രോ റെയിലിന് അനുബന്ധമായി കൊച്ചിയില്‍ നടപ്പാക്കുന്ന ജലമെട്രോ പദ്ധതിയുടെ വായ്പ സംബന്ധിച്ച കരാറില്‍ കെ.എം.ആര്‍.എല്ലും ജര്‍മന്‍ ധനകാര്യ ഏജന്‍സിയായ കെ.എഫ്.ഡബ്ള്യുവും ഒപ്പിട്ടു. കെ.എം.ആര്‍.എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ.എഫ.്ഡബ്ള്യു ഡയറക്ടര്‍ ഫെലിക്സ് കൗളയും കെ.എം.ആര്‍.എല്‍ ഫിനാന്‍ഷ്യല്‍ ഡയറക്ടര്‍ എബ്രഹാം ഉമ്മനുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ ഡോ. മാര്‍ട്ടിന്‍ നേയ്, നഗരസഭാ മേയര്‍ സൗമിനി ജയിന്‍, കെ.എം.ആര്‍.എല്‍ എം.ഡി.ഏലിയാസ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

747 കോടിയുടെ പദ്ധതിയായ ജലമെട്രോ ഫെറി സര്‍വിസ് രാജ്യത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ മുതല്‍ മുടക്കിലാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. പദ്ധതിചെലവില്‍ 597 കോടിയാണ് ജര്‍മന്‍ വികസന ബാങ്കായ കെ.എഫ.്ഡബ്ള്യു വായ്പ നല്‍കുന്നത്. 1.6 ശതമാനം പലിശനിരക്കില്‍ 15 വര്‍ഷത്തേക്കാണ് വായ്പ. 102 കോടി സര്‍ക്കാര്‍ വിഹിതമാണ്. 72 കോടി രൂപ സ്ഥലം ഏറ്റെടുപ്പിന് വേണ്ടിവരും. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നഗരഗതാഗത സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. മാര്‍ട്ടിന്‍ നേയ് പറഞ്ഞു. ജലമെട്രോയുടെ ബോട്ടുകള്‍ 2018ല്‍ ജലപ്പരപ്പിലത്തെിക്കാനാണ് ശ്രമിക്കുന്നതെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു.

മെട്രോ റെയിലിന് അനുബന്ധമായി ജലമെട്രോയുള്ള ഇന്ത്യയിലെ ആദ്യ നഗരമാവുകയാണ് കൊച്ചി. ആധുനിക സൗകര്യമുള്ള 36 ബോട്ട് ജെട്ടികള്‍, ദ്വീപുകളില്‍നിന്ന് ജെട്ടിയിലേക്കുള്ള റോഡുകളുടെ നവീകരണം തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ദ്വീപുകളില്‍നിന്ന് ജെട്ടിയിലേക്ക് ഇലക്ട്രിക് ബസുകള്‍ ഏര്‍പ്പെടുത്തും. അവിടെനിന്ന് ആധുനിക സൗകര്യമുള്ള ബോട്ടുകളില്‍ നഗരത്തില്‍ എത്താനാകും. അവിടെനിന്ന് മെട്രോയില്‍ യാത്രചെയ്യാം. ജലമെട്രോയിലും മെട്രോ റെയിലിലും യാത്രചെയ്യാന്‍ ഒറ്റടിക്കറ്റ് മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. 50മുതല്‍ 100പേര്‍ക്കുവരെ യാത്രചെയ്യാവുന്ന രണ്ടുതരം ബോട്ട് സര്‍വിസിനുണ്ടാകും.
ജെട്ടികളില്‍ എ.ടി.എം കൗണ്ടര്‍, മെഡിക്കല്‍ ഷോപ്പ്, വിശ്രമമുറി, കഫറ്റേരിയ തുടങ്ങിയവ ഉണ്ടാകും. ആകെ 76 കിലോമീറ്ററില്‍ 16 റൂട്ടാണ് തീരുമാനിച്ചിട്ടുള്ളത്. പഞ്ചായത്തുകളുമായുള്ള ചര്‍ച്ചക്കുശേഷമാകും റൂട്ടുകള്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.