വിമലിനുവേണ്ടി പ്രാര്‍ഥനയോടെ ഗ്രാമം

കക്കോടി (കോഴിക്കോട്): ചെന്നൈയില്‍നിന്ന് കാണാതായ വ്യോമസേനയുടെ വിമാനത്തില്‍ മലയാളി സൈനികനുമുണ്ടെന്ന് സംശയം. കോട്ടുപ്പാടം ചെറിയാറമ്പത്ത് പരേതനായ പി. വാസുനായരുടെ മകന്‍ ഐ.പി. വിമലി (30)നുവേണ്ടിയാണ് ഗ്രാമം പ്രാര്‍ഥിക്കുന്നത്.
കാര്‍നികോബാറിലെ മിലിട്ടറി എന്‍ജിനീയറിങ് വിഭാഗത്തിലാണ് ഇദ്ദേഹത്തിന് ജോലി. ഒൗദ്യോഗികാവശ്യത്തിന് ഇദ്ദേഹം ഈയടുത്ത് ചെന്നൈയില്‍ വന്നിരുന്നു. അപ്പോള്‍ സൈനികന്‍ വീട്ടില്‍വന്ന് കുടുംബാംഗങ്ങളെ കണ്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്നൈയിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച രാവിലെ 7.30ഓടെ ഭാര്യയെ വിളിച്ചിരുന്നു. 8.30ന് വിമാനത്തില്‍ കയറുമെന്നും 11.30ന് പോര്‍ട്ട് ബ്ളയറില്‍ എത്തിയതിനുശേഷം വിളിക്കാമെന്നും പറഞ്ഞു.

എന്നാല്‍, പിന്നീട് സൈനികനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടുന്നില്ല. സൈനിക ഉദ്യോഗസ്ഥരുമായി കുടുംബം നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിമാനം കാണാതായെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നീട് ബന്ധപ്പെടാമെന്നുമാണത്രേ അവര്‍ പറഞ്ഞത്. താംബരം വ്യോമതാവളത്തില്‍നിന്ന് അന്തമാനിലെ പോര്‍ട്ട് ബ്ളെയറിലേക്ക് പറന്ന സൈനികവിമാനത്തില്‍ ഇദ്ദേഹവും യാത്ര ചെയ്തതായാണ് ആശങ്ക.
വിമാനത്തില്‍ മൂന്ന് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ കയറിയിട്ടുണ്ടെന്നും അതില്‍ ഒരാള്‍ അസം സ്വദേശിയാണെന്നും അന്തമാനിലെ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.   11.30ന് പോര്‍ട്ട് ബ്ളയറിലിറങ്ങേണ്ട സൈനികനെ കാണാതായപ്പോള്‍ അന്തമാനില്‍നിന്ന് അദ്ദേഹത്തിന്‍െറ സുഹൃത്ത് സൈനികന്‍െറ ഭാര്യയെ വിളിച്ചിരുന്നു. അപ്പോള്‍ മുതലാണ് സംശയം ബലപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.