സംഗീതം ഉപാസനയും ഒൗഷധവുമാക്കി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

വള്ളിക്കുന്ന്: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിട്ടും ശശിധരന്‍ ഡോക്ടര്‍ക്ക് പഠനം നിര്‍ത്താറായിട്ടില്ല. സംഗീതത്തില്‍ ബിരുദം നേടാനായി ഇപ്പോഴും പഠിക്കുകയാണ് വള്ളിക്കുന്നുകാരുടെ സ്വന്തം ഡോക്ടര്‍. മുംബൈ കേന്ദ്രമായ അഖില ഭാരതീയ ഗന്ധര്‍വ മഹാ വിദ്യാലയത്തിലെ സംഗീത കോഴ്സായ വിശാരദ് ഡിഗ്രി വിദ്യാര്‍ഥി കൂടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടുത്തിടെ പ്രിന്‍സിപ്പലായി ചുമതലയേറ്റ ഡോ. വി.പി. ശശിധരന്‍. ചെറുപ്പത്തിലേ സംഗീതത്തെ നെഞ്ചോട്ചേര്‍ത്ത ഇദ്ദേഹത്തിന് മുഹമ്മദ് റഫിയുടെ ഗാനങ്ങളും ഗസലുമാണ് ഏറെ പ്രിയങ്കരം. നിരവധി വേദികളില്‍ ഇതിനോടകം ഗാനങ്ങള്‍ ആലപിച്ചു.  ഹാര്‍മോണിയം വായനയും പ്രിയങ്കരമാണ്. എല്ലാ വര്‍ഷവും ഏപ്രിലിലെ രണ്ടാം ശനിയാഴ്ച സംഗീത കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. വീടിനോട് ചേര്‍ന്ന് കായല്‍ തീരത്ത് പ്രത്യേകം തയാറാക്കിയ ഉദ്യാനത്തില്‍ നിര്‍ധന രോഗികള്‍ക്കായാണ് കൂട്ടായ്മ ഒരുക്കാറുള്ളത്. കാന്‍സര്‍, താലസീമിയ, വൃക്കരോഗം എന്നിവ ബാധിച്ചവര്‍ നട്ടെല്ലിന് ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് സംഗീത കൂട്ടായ്മയില്‍ പങ്കെടുക്കുന്നത്.

ചെട്ടിപ്പടിയിലെ മെലഡീസ് പാരഡൈസ് ഓര്‍ക്കസ്ട്ര ക്ളബിലെ മത്സ്യത്തൊഴിലാളികള്‍, ഗിന്നസ് ജേതാവ് സുധീര്‍ കടലുണ്ടി എന്നിവരും സംഗീത കൂട്ടായ്മയിലെ അംഗങ്ങളാണ്. വള്ളിക്കുന്നിലെ ആദ്യകാല ഡോക്ടര്‍ അപ്പുട്ടി വൈദ്യരുടെ മകനായ ശശിധരന്‍െറ നാല് സഹോദരങ്ങളും ഡോക്ടര്‍മാരാണ്. ഭാര്യ ഡോ. അജിത മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൈക്യാട്രി വിഭാഗം മേധാവിയാണ്. മകള്‍ ഡോ. അശ്വതി ശശിധരന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ജനറല്‍ മെഡിസിനില്‍ എം.ഡിയും മകന്‍ അശ്വിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സിയും ചെയ്യുന്നു. എം.ബി.ബി.എസ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തുടങ്ങിയ രക്തദാനം ഡോക്ടര്‍ ഇപ്പോഴും തുടരുന്നു. ഇതിനോടകം 59 തവണ രക്തദാനം നടത്തിയ ഇദ്ദേഹത്തിന് 2008ല്‍ ഏറ്റവും നല്ല രക്ത ദാതാവിനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായിരുന്ന ഇദ്ദേഹം ജൂണ്‍ 24നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി ചുമതലയേറ്റത്. സംഗീതം നല്ളൊരു ഒൗഷധമാണെന്ന് വിശ്വസിക്കുന്ന ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ വാര്‍ഡുകളിലും മറ്റും രോഗികള്‍ക്ക് സാന്ത്വനമേകാന്‍ സംഗീതം കേള്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കാന്‍ നടപടി സ്വീകരിച്ചുവരികയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.