ഇതിഹാസങ്ങളിലടക്കം അഗാധമായ അറിവുണ്ടായിരുന്ന മഹാപ്രതിഭയായിരുന്നു പ്രശാന്ത് നാരായണൻ: ജി. ആർ. ഇന്ദുഗോപൻ

തിരുവനനന്തപുരം: ഇതിഹാസങ്ങളിലടക്കം അഗാധമായ അറിവുണ്ടായിരുന്ന മഹാപ്രതിഭയായിരുന്നു പ്രശാന്ത് നാരായണൻ എന്ന് സാഹിത്യകാരൻ ജി. ആർ. ഇന്ദുഗോപൻ. പ്രമുഖ നാടകകൃത്തും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണന്റെ ഒന്നാം ചരമവാർഷികദിനത്തിന്റെ ഭാഗമായി വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നടന്ന അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരികലോകത്തിന് വലിയ നഷ്ടമാണ് പ്രശാന്തിന്റെ വേർപാടിലൂടെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരൻ എം. രാജീവ് കുമാർ അധ്യക്ഷനായി. നാടകകൃത്തും സംവിധായകനുമായ പി.ജെ. ഉണ്ണിക്കൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. കളം തിയറ്റർ ആൻഡ് റപ്രട്ടറി മാനേജിങ് ഡയറക്ടറും പ്രശാന്തിന്റെ പങ്കാളിയുമായ കല സാവിത്രി, പ്രശാന്തിന്റെ സുഹൃത്തുക്കളും കലാസാഹിത്യപ്രവർത്തകരുമായ ശശി സിതാര, ജയചന്ദ്രൻ കടമ്പനാട്, അലക്സ് വള്ളികുന്നം, ശ്രീകാന്ത് കാമിയോ, സുധി ദേവയാനി, രതീഷ് രവീന്ദ്രൻ എന്നിവർ പ്രശാന്തിന്റെ സ്മരണകൾ പങ്കുവച്ചു.

കളം പീരിയോഡിക്കൽസ് ഡയറക്ടർ സിനോവ് സത്യൻ സ്വാഗതവും കളം തിയറ്റർ ഡയറക്ടർ നിതിൻ മാധവ് നന്ദിയും പറഞ്ഞു. കളം തിയറ്റർ ആൻഡ് റപ്രട്ടറിയുടെ ആഭിമുഖ്യത്തിൽ വൈലോപ്പിള്ളി സംസ്കൃതിഭവന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മോഹൻലാലിനേയും മുകേഷിനേയും ഉൾപ്പെടുത്തി പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച ‘ഛായാമുഖി’ മലയാളനാടകവേദിയിൽ ഏറെ ശ്രദ്ധ നേടിയ നാടകമാണ്. എം.ടി.യുടെ ജീവിതവും കൃതികളും കോർത്തിണക്കി പ്രശാന്ത് ചെയ്ത ‘മഹാസാഗരം’ ദേശീയ-അന്തർദേശീയ മേളകളിലുൾപ്പെടെ നിരവധി അരങ്ങുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഛായാമുഖി, വജ്രമുഖൻ, മകരധ്വജൻ, കറ എന്നിവയുൾപ്പെടെ മുപ്പതു നാടകങ്ങളുടെ രചനയും അറുപതോളം നാടകങ്ങളുടെ സംവിധാനവും പ്രശാന്ത് നിർവഹിച്ചിട്ടുണ്ട്.

Tags:    
News Summary - Prashant Narayan was a great genius who had deep knowledge of epics: G. R. Indugopan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.