എന്‍ജിനീയറിങ് പ്രവേശം: 44 ബാച്ചുകളിലേക്ക് ‘സംപൂജ്യ’ അലോട്ട്മെന്‍റ്

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശത്തിനായുള്ള പ്രവേശപരീക്ഷാ കമീഷണറുടെ അവസാന അലോട്ട്മെന്‍റും പൂര്‍ത്തിയായപ്പോള്‍ 30 സ്വാശ്രയ കോളജുകളിലെ 44 ബാച്ചുകളില്‍ ഒരു വിദ്യാര്‍ഥിപോലും പ്രവേശത്തിനില്ല. സംപൂജ്യ ബാച്ചുകളില്‍ കൂടുതലും ഇലക്ട്രോണിക്സാണ്. കുട്ടികളില്ലാത്ത 44 ബാച്ചുകളില്‍ 23 എണ്ണവും ഇലക്ട്രോണിക്സിലാണ്. ഇത്തവണ ഏറ്റവുംകൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും ഇലക്ട്രോണിക്സില്‍ തന്നെ. ഇലക്ട്രോണിക്സ് കഴിഞ്ഞാല്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ചിലാണ് കുട്ടികള്‍ ഇല്ലാത്തത്. ഒരു കുട്ടി പോലും അലോട്ട്മെന്‍റ് നേടാത്ത ബാച്ചുകളില്‍ 14 എണ്ണം ഇലക്ട്രിക്കലിലാണ്.

നാല് ബാച്ചുകള്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഒന്ന് വീതം അപൈ്ളഡ് ഇലക്ട്രോണിക്സ്, സിവില്‍ എന്‍ജിനീയറിങ്, ഐ.ടി ബ്രാഞ്ചുകളിലുമാണ്. കടയ്ക്കല്‍ എസ്.എച്ച്.എം കോളജിലെ നാല് ബ്രാഞ്ചുകളില്‍ ഒരുകുട്ടിക്ക് പോലും അലോട്ട്മെന്‍റ് നല്‍കിയിട്ടില്ല. ഇവിടേക്ക് ഒരു ബ്രാഞ്ചില്‍ മാത്രം ഒരുകുട്ടിക്ക് അലോട്ട്മെന്‍റ് ലഭിച്ചു. പെരുമ്പാവൂര്‍ കെ.എം.പി, പത്തനംതിട്ട മൗണ്ട്സിയോണ്‍ കോളജുകളില്‍ സംപൂജ്യ ബാച്ചുകള്‍ മൂന്നെണ്ണം വീതമുണ്ട്. ഏഴ് കോളജുകളില്‍ രണ്ട് വീതം ബ്രാഞ്ചുകളില്‍ ആളില്ല. 20 കോളജുകളില്‍ ഓരോ ബ്രാഞ്ചുകളില്‍ വീതം കുട്ടികളില്ല. 38 സ്വാശ്രയ കോളജുകളിലെ 47 ബാച്ചുകളില്‍ ഒരുകുട്ടി വീതമാണ് പ്രവേശംനേടിയത്. ഇതിലും ഇലക്ട്രോണിക്സ് ബ്രാഞ്ച് തന്നെയാണ് കൂടുതല്‍. 21 കോളജുകളിലെ ഇലക്ട്രോണിക്സ് ബ്രാഞ്ചുകളില്‍ ഒരോകുട്ടികള്‍ക്ക് വീതമാണ് അലോട്ട്മെന്‍റ്.

18 കോളജുകളിലെ ഇലക്ട്രിക്കല്‍ ബ്രാഞ്ചുകളിലും രണ്ട് വീതം കോളജുകളിലെ കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, അപൈ്ളഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലും ഒന്നുവീതം കുട്ടികള്‍ക്കാണ് അലോട്ട്മെന്‍റ്. സിവില്‍ എന്‍ജിനീയറിങ്, ഐ.ടി എന്നിവയുടെ ഓരോ ബാച്ചുകളിലും ഒരുകുട്ടിക്ക് വീതമാണ് അലോട്ട്മെന്‍റ്. ഒരു കോളജിലെ മൂന്ന് ബ്രാഞ്ചുകളിലും ഏഴ് കോളജുകളിലെ രണ്ട് ബ്രാഞ്ചുകളിലും വീതം ഓരോ കുട്ടികള്‍ക്കാണ് അലോട്ട്മെന്‍റ്.
തിങ്കളാഴ്ചയാണ് അലോട്ട്മെന്‍റ് പ്രകാരം പ്രവേശംനേടാനുള്ള അവസാനദിവസം. ഇതിനുശേഷമായിരിക്കും അലോട്ട്മെന്‍റ് ലഭിച്ചവരില്‍ എത്രപേര്‍ പ്രവേശംനേടിയെന്ന് വ്യക്തമാവുക.

പ്രവേശപരീക്ഷാ കമീഷണറുടെ അലോട്ട്മെന്‍റ് കുറഞ്ഞ ബാച്ചുകളിലേക്ക് മാനേജ്മെന്‍റ് ക്വോട്ടയിലും പ്രവേശം കുറഞ്ഞാല്‍ കോഴ്സ് നടത്തിപ്പ് ഈ കോളജുകള്‍ക്ക് വെല്ലുവിളിയായിമാറും. മൂന്നാം അലോട്ട്മെന്‍റിന് ശേഷം ഒഴിവുവരുന്ന മെറിറ്റ് സീറ്റുകളിലേക്ക് ബന്ധപ്പെട്ട സ്വാശ്രയ കോളജുകള്‍ക്ക് നേരിട്ട് പ്രവേശംനടത്താം.
ഇതിനുള്ള വ്യവസ്ഥ സര്‍ക്കാറുമായുള്ള കരാറിലുണ്ട്. എന്നാല്‍ ഏതെങ്കിലും അംഗീകൃത പ്രവേശപരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശംനല്‍കാനാകൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.